ദുകം-2 റോക്കറ്റ് വിക്ഷേപണം മാറ്റിവെച്ചു

ഷീബ വിജയൻ
മസ്കത്ത്: ദുകം-2 റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം മാറ്റിവെച്ചതായി ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. ജൂലൈ എട്ട്, ഒമ്പത് തീയതികളിൽ ഒന്നിലായിരുന്നു വിക്ഷേപണം നടത്താൻ തീരുമാനിച്ചിരുന്നത്. അനുയോജ്യമായ സാഹചര്യങ്ങൾ ലഭ്യമാകുന്നമുറക്ക് വിക്ഷേപണം നടത്തുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. പുതിയ തീയതി അറിയിച്ചിട്ടില്ല. ദുകം വിലായത്തിലെ ഹൈതം പ്രദേശത്തുനിന്നായിരുന്നു പരീക്ഷണ വിക്ഷേപണം തീരുമാനിച്ചിരുന്നത്. പുലർച്ച 12മുതൽ രാവിലെ ആറുവരെയാണ് വിക്ഷേപണം ഷെഡ്യൂൾ ചെയ്തിരുന്നത്. സ്റ്റെല്ലാർ കൈനറ്റിക്‌സുമായി സഹകരിച്ചായിരുന്നു വിക്ഷേപണം. ഒമാനിലെ ബഹിരാകാശ പ്രവർത്തനങ്ങൾക്കായി ഒരു ദേശീയ ചട്ടക്കൂട് സ്ഥാപിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് വിക്ഷേപണമെന്ന് അധികൃതർ അറിയിച്ചു. ഈ വർഷം അഞ്ച് റോക്കറ്റുകൾ വിക്ഷേപിക്കുമെന്ന് നാഷനൽ സ്‌പേസ് സർവിസസ് കമ്പനിയുടെ (നാസ്‌കോം) അനുബന്ധ സ്ഥാപനമായ ഇത്‌ലാഖ് സ്‌പേസ്‌പോർട്ട് അറിയിച്ചിരുന്നു. ഇതിൽ ആദ്യത്തെ റോക്കറ്റായ ‘യുനിറ്റി ഒന്ന്’ ഏപ്രിൽ അവസാനത്തോടെ വിക്ഷേപിക്കാനിരുന്നെങ്കിലും പ്രതികൂലകാലാവസ്ഥയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ‘ദുകം-2’ ജൂണിൽ വിക്ഷേപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഒക്ടോബറിൽ ദുകം-3, നവംബറിൽ അംബിഷൻ-3, ഡിസംബറിൽ ദുകം-4 എന്നിവയും വിക്ഷേിപിക്കും.
കഴിഞ്ഞ വർഷം ഡിസംബറിൽ നടത്തിയ ആദ്യത്തെ പരീക്ഷണ വിക്ഷേപണം വിജയം കണ്ടതോടെ ചരിത്രനേട്ടമാണ് സ്‌പേസ്‌പോർട്ട് സ്വന്തമാക്കിയത്. അന്ന് സമുദ്രനിരപ്പിൽനിന്ന് 140 കിലോമീറ്റർ ഉയരത്തിലായിരുന്നു റോക്കറ്റ് പറന്നുയർന്നത്. 2027ഓടെ പൂർണ തോതിലുള്ള വാണിജ്യ പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഇത്തലാക്കിന്റെ ‘ജെനസിസ് പ്രോഗ്രാ’മിലൂടെ ലക്ഷ്യമിടുന്നത്. ഉപഭ്രമണപഥത്തിലെയും പരീക്ഷണാത്മക റോക്കറ്റ് വിക്ഷേപണങ്ങളെയും ഉൾക്കൊള്ളുന്ന തരത്തിലാണ് സ്‌പേസ്‌പോർട്ട് രൂപകൽപന ചെയ്തിരിക്കുന്നത്.
saddsaasdas