‘ഖലിസ്ഥാൻ അനുകൂല ഉളളടക്കം’; ആറ് യുട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം

രാജ്യത്തെ ആറ് യുട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. ഖലിസ്ഥാൻ അനുകൂല ഉളളടക്കങ്ങൾ പ്രചരിപ്പിക്കുന്നതായി ആരോപിച്ചാണ് കേന്ദ്രത്തിന്റെ നടപടി. വിദേശ രാജ്യങ്ങളിൽ നിന്ന് നിയന്ത്രിക്കുന്ന ആറ് യൂട്യൂബ് ചാനലുകളെയാണ് നിരോധിച്ചതെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി അപൂർവ ചന്ദ്ര അറിയിച്ചു. നിരോധനം നേരിട്ട ആറ് ചാനലുകളും പഞ്ചാബി ഭാഷയിലുളളതാണ്. കഴിഞ്ഞ പത്ത് ദിവസങ്ങളിലായാണ് ആറ് ചാനലുകൾക്കെതിരെ നടപടി സ്വീകരിച്ചതെന്നും അപൂർവ ചന്ദ്ര വ്യക്തമാക്കി. നടപടി സ്വീകരിച്ച യുട്യൂബ് ചാനലുകളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരം ചാനലുകൾക്കെതിരെ യൂട്യൂബ് നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം വക്താവ് അറിയിച്ചു.
ഖലിസ്ഥാൻ അനുഭാവിയുമായ അമൃതപാൽ സിങ്ങിന്റെ അനുയായികൾ തങ്ങളുടെ സഹായികളിലൊരാളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 23ന് വാളുകളും തോക്കുകളുമായി അജ്‌നാലയിലെ പൊലീസ് സ്‌റ്റേഷൻ ആക്രമിച്ചതിന്റെ(വാരിസ് പഞ്ചാബ് പ്രക്ഷോഭം) പശ്ചാത്തലത്തിലാണ് സർക്കാർ നടപടി. ഡൽഹിയിൽ നടന്ന കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദുവാണ് വാരിസ് പഞ്ചാബ് ദേയുടെ സ്ഥാപകൻ. 2022 ഫെബ്രുവരിയിൽ ഒരു വാഹനാപകടത്തിൽ സിദ്ദു മരിച്ചു. അതിന് ശേഷം വാരിസ് പഞ്ചാബ് ദേയുടെ നേതാവായി വന്നയാളാണ് അമൃത്പാൽ സിങ്.
rtu