ബഹ്‌റൈനിൽ സുരക്ഷാ സജ്ജീകരണം ശക്തം; ശബ്ദമലിനീകരണം ഉണ്ടാക്കിയ 45 വാഹനങ്ങൾക്കെതിരെ നടപടി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മേഖലയിലെ സവിശേഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ സുരക്ഷാ, പ്രതിരോധ, പൊതുസേവന സംവിധാനങ്ങൾ അതീവ ജാഗ്രതയോടെ തുടരുന്നതായി അധികൃതർ അറിയിച്ചു. നാഷണൽ കമ്മ്യൂണിക്കേഷൻ സെൻ്ററിന്റെ ദൈനംദിന വാർത്താ സമ്മേളനത്തിൽ ആഭ്യന്തര മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ക്യാപ്റ്റൻ അബ്ദുള്ള അൽ മന്നായിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജനങ്ങളിൽ ഭീതിയുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങളിൽ നിന്ന് അമിത ശബ്ദം പുറപ്പെടുവിച്ച 45 ഡ്രൈവർമാർക്കെതിരെ ട്രാഫിക് ഡയറക്ടറേറ്റ് നിയമനടപടി സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ സമാധാനം കെടുത്തുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ട്രാഫിക് നിയമപ്രകാരം കർശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യത്തിൻ്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ സൈനിക-സുരക്ഷാ വിഭാഗങ്ങൾ 24 മണിക്കൂറും സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ കഴിഞ്ഞ ദിവസം സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. ഇറാൻ്റെ ആക്രമണങ്ങളെ അപലപിച്ച മന്ത്രി, ജനങ്ങളെ സംരക്ഷിക്കുന്നതിൽ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ നടത്തുന്ന സേവനങ്ങളെ അഭിനന്ദിച്ചു. രാജാവിൻ്റെയും കിരീടാവകാശിയുടെയും പ്രത്യേക അഭിനന്ദനങ്ങൾ അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ മുഴങ്ങുന്ന സൈറണുകളെക്കുറിച്ചും വയർലെസ് മുന്നറിയിപ്പ് സംവിധാനങ്ങളെക്കുറിച്ചും ക്യാപ്റ്റൻ അൽ മന്നായി വിശദീകരിച്ചു. രാജ്യത്തിന് നേരിട്ട് ഭീഷണിയുണ്ടാകുന്ന സാഹചര്യങ്ങളിൽ മാത്രമേ ഇത്തരം അലർട്ടുകൾ പ്രവർത്തിപ്പിക്കുകയുള്ളൂവെന്നും, അനാവശ്യമായി ഇവ ഉപയോഗിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
sadadsads


