ഹോർമുസ് കടലിടുക്കിൽ ഇന്ത്യയുടെ നയതന്ത്ര വിജയം; കുടുങ്ങിയ കപ്പലുകൾ സുരക്ഷിതമായി പുറത്തെത്തിച്ചു
ഷീബ വിജയൻ
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ സുരക്ഷിതമായി പുറത്തെത്തിച്ച് മോദി സർക്കാർ. 'ശിവാലിക്', 'നന്ദാദേവി' എന്നീ കപ്പലുകൾക്ക് പിന്നാലെ ആക്രമണ ഭീഷണി നേരിട്ട 'ജഗ് ലാഡ്കി' എന്ന ക്രൂഡ് ടാങ്കറും സുരക്ഷിത പാതയിലെത്തി. ഇതോടെ സംഘർഷ മേഖലയിൽ നിന്ന് പരിക്കേൽക്കാതെ പുറത്തെത്തുന്ന നാലാമത്തെ ഇന്ത്യൻ കപ്പലായി ഇത് മാറി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി നടത്തിയ നേരിട്ടുള്ള ചർച്ചകളാണ് കപ്പലുകളുടെ മോചനത്തിന് വഴിയൊരുക്കിയത്. യുഎഇയിലെ ഫുജൈറയിൽ നിന്ന് 80,800 ടൺ അസംസ്‌കൃത എണ്ണയുമായി ഇന്ത്യയിലേക്ക് തിരിക്കവെയാണ് ജഗ് ലാഡ്കി ആക്രമിക്കപ്പെട്ടത്. നിലവിൽ കപ്പലിലെ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ഗുജറാത്തിലെ മുന്ദ്ര, കണ്ട്‌ല തുറമുഖങ്ങളിലേക്ക് എത്തുന്ന ഈ കപ്പലുകൾ രാജ്യത്തെ ഇന്ധന, പാചകവാതക ക്ഷാമം പരിഹരിക്കാൻ സഹായിക്കും. മേഖലയിൽ കുടുങ്ങിക്കിടക്കുന്ന മറ്റ് ഇന്ത്യൻ കപ്പലുകളെ കൂടി പുറത്തെത്തിക്കാൻ വിദേശകാര്യ മന്ത്രാലയം ഇറാനുമായി ചർച്ചകൾ തുടരുകയാണ്.
adesewdsadewas


