തമിഴ് സാഹിത്യത്തിന് വീണ്ടും സുവർണ്ണനേട്ടം; കവി വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം
ഷീബ വിജയൻ
ചെന്നൈ: ഭാരതീയ സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവുമായ ആർ. വൈരമുത്തുവിന്. അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ് സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും അദ്ദേഹം നൽകിയ അമൂല്യമായ സംഭാവനകൾ മുൻനിർത്തിയാണ് ഈ അംഗീകാരം. അഖിലനും ജയകാന്തനും ശേഷം ജ്ഞാനപീഠം നേടുന്ന മൂന്നാമത്തെ തമിഴ് സാഹിത്യകാരനാണ് വൈരമുത്തു.
ചെന്നൈ പച്ചയ്യപ്പാസ് കോളജിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ വൈരമുത്തു ഒരു പരിഭാഷകനായാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിൽക്കാലത്ത് ആധുനിക തമിഴ് സാഹിത്യത്തിന്റെ ശക്തമായ ശബ്ദമായി മാറിയ അദ്ദേഹം കവിതകളിലൂടെയും ഗദ്യങ്ങളിലൂടെയും വായനക്കാരുടെ മനം കവർന്നു. അദ്ദേഹത്തിന്റെ മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കാവുന്ന 'കള്ളിക്കാട്ടു ഇതിഹാസം' എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. സാഹിത്യ-സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവനകൾക്കായി രാജ്യം അദ്ദേഹത്തിന് പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി മുൻപേ ആദരിച്ചിട്ടുണ്ട്.
1980-ൽ ഭാരതിരാജ സംവിധാനം ചെയ്ത 'നിഴൽഗൾ' എന്ന ചിത്രത്തിലൂടെയാണ് വൈരമുത്തു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ 40 വർഷത്തിനിടെ 7,500-ലധികം ഗാനങ്ങളാണ് അദ്ദേഹം രചിച്ചത്. മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം ഏഴ് തവണ അദ്ദേഹം സ്വന്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന ഏക ഗാനരചയിതാവ് കൂടിയാണ് അദ്ദേഹം. ഇളയരാജ, എ.ആർ. റഹ്മാൻ തുടങ്ങിയ പ്രഗത്ഭ സംഗീത സംവിധായകരോടൊപ്പം ചേർന്ന് അദ്ദേഹം സൃഷ്ടിച്ച ഗാനങ്ങൾ തമിഴ് സിനിമാ ചരിത്രത്തിന്റെ ഭാഗമാണ്.
സാഹിത്യത്തിലെ ആഴവും സിനിമാ ഗാനങ്ങളിലെ ലാളിത്യവും ഒരേപോലെ സമന്വയിപ്പിച്ച വൈരമുത്തുവിന് ലഭിച്ച ഈ ജ്ഞാനപീഠ പുരസ്കാരം തമിഴ് മക്കൾക്കും തമിഴ് ഭാഷയ്ക്കും ലഭിച്ച വലിയ ആദരമായാണ് വിലയിരുത്തപ്പെടുന്നത്.
dffgddfsdfse


