ബഹ്‌റൈന് നേരെ ഇറാൻ്റെ ആക്രമണം: 125 മിസൈലുകളും 212 ഡ്രോണുകളും തകർത്ത് ബി.ഡി.എഫ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തിന് നേരെ ഇറാൻ്റെ ഭാഗത്തുനിന്നുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങളെ ബഹ്‌റൈൻ പ്രതിരോധ സേനയുടെ (BDF) വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി നേരിടുന്നതായി ജനറൽ കമാൻഡ് അറിയിച്ചു. സൈനികരുടെ അതീവ ജാഗ്രതയുടെയും ആധുനിക പ്രതിരോധ സംവിധാനങ്ങളുടെയും കരുത്തിൽ ഇതുവരെ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 125 ബാലിസ്റ്റിക് മിസൈലുകളും 212 ഡ്രോണുകളും തകർക്കാൻ സാധിച്ചു. സൈനികരുടെ ഈ മികച്ച പോരാട്ടവീര്യവും സജ്ജതയും രാജ്യത്തിൻ്റെ ആകാശം സുരക്ഷിതമാണെന്ന കാര്യത്തിൽ ജനങ്ങൾക്ക് പൂർണ്ണ വിശ്വാസം നൽകുന്നതാണെന്നും സൈന്യം വ്യക്തമാക്കി.
അതേസമയം, നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജനറൽ കമാൻഡ് കർശന നിർദ്ദേശം നൽകി. ആക്രമണം ബാധിച്ച സ്ഥലങ്ങളിൽ നിന്നും സംശയാസ്പദമായ വസ്തുക്കളിൽ നിന്നും ആളുകൾ പൂർണ്ണമായും വിട്ടുനിൽക്കേണ്ടതാണ്. സൈനിക നീക്കങ്ങളോ തകർന്നുവീണ മിസൈൽ അവശിഷ്ടങ്ങളോ ചിത്രീകരിക്കുന്നതും അവ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും കൃത്യമായ വിവരങ്ങൾക്കും മുന്നറിയിപ്പുകൾക്കുമായി ഔദ്യോഗിക സർക്കാർ മാധ്യമങ്ങളെ മാത്രം ആശ്രയിക്കണമെന്നും സൈന്യം ഓർമ്മിപ്പിച്ചു.
ജനവാസ കേന്ദ്രങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിൻ്റെയും നഗ്നമായ ലംഘനമാണ്. ഇത്തരം വിവേചനരഹിതമായ ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും ബഹ്‌റൈൻ പ്രതിരോധ സേന പ്രസ്താവനയിലൂടെ വ്യക്തമാക്കി.
asdassa


