എണ്ണവില കുതിക്കുന്നു: ബ്രെൻ്റ് ക്രൂഡ് 106 ഡോളറിൽ എത്തി
ശാരിക I അന്തർദേശീയം
ചിക്കാഗോ: മിഡിൽ ഈസ്റ്റിലെ യുദ്ധം നീണ്ടുപോകുമെന്ന ആശങ്ക ശക്തമായതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചയുടൻ യുഎസ് ബെഞ്ച്മാർക്കായ വെസ്റ്റ് ടെക്സസ് ഇൻ്റർമീഡിയറ്റ് (WTI) ക്രൂഡ് വില 2.54 ശതമാനം വർധിച്ച് ബാരലിന് 101.22 ഡോളറിലെത്തി. രാജ്യാന്തര വിപണിയിൽ ബ്രെൻ്റ് ക്രൂഡ് വില 2.88 ശതമാനം ഉയർന്ന് ബാരലിന് 106.11 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ എണ്ണവിലയിൽ ഏകദേശം 50 ശതമാനത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ഇറാൻ്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിലെ സൗകര്യങ്ങൾക്ക് നേരെ സൈനിക ആക്രമണം നടത്തുന്ന കാര്യം ട്രംപ് ഭരണകൂടം പരിഗണിക്കുന്നതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ഹോർമുസ് കടലിടുക്കിൽ ഇറാൻ കപ്പലുകളെ ആക്രമിക്കുന്നത് തുടർന്നാൽ ഖാർഗ് ഐലൻഡിലെ എണ്ണ നിലയങ്ങൾ തകർക്കുമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ്റെ ആകെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ദ്വീപ് വഴിയാണ്. നിലവിൽ സൈനിക കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിടുന്നതെങ്കിലും ആവശ്യമെങ്കിൽ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ തകർക്കാനുള്ള ഓപ്ഷൻ ട്രംപ് നിലനിർത്തുമെന്ന് യുഎൻ അംബാസഡർ മൈക്ക് വാൾട്ട്സ് വ്യക്തമാക്കി.
ലോകത്തെ എണ്ണ വിതരണത്തിൻ്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ്റെ ഭീഷണികൾ മൂലം ഭാഗികമായി അടഞ്ഞുകിടക്കുകയാണ്. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിതരണ തടസ്സത്തിന് കാരണമായി. എണ്ണക്കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ വിവിധ രാജ്യങ്ങളുടെ സഹായം തേടുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വരും ദിവസങ്ങളിൽ തന്നെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
എണ്ണവില പിടിച്ചുനിർത്താൻ അമേരിക്കയുൾപ്പെടെ 30 രാജ്യങ്ങൾ ചേർന്ന് തങ്ങളുടെ കരുതൽ ശേഖരത്തിൽ നിന്ന് 40 കോടി ബാരൽ എണ്ണ വിപണിയിലിറക്കാൻ തീരുമാനിച്ചിട്ടുണ്ട്. അമേരിക്ക മാത്രം 17.2 കോടി ബാരൽ വിട്ടുനൽകും. ഏഷ്യൻ രാജ്യങ്ങൾ എണ്ണ വിതരണം ആരംഭിച്ചതായും യൂറോപ്പും അമേരിക്കയും മാർച്ച് അവസാനത്തോടെ ഇത് തുടങ്ങുമെന്നും അന്താരാഷ്ട്ര ഊർജ്ജ ഏജൻസി (IEA) അറിയിച്ചു.
adqswswadsaw


