രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കൽ സൂചന നൽകി സോണിയ ഗാന്ധി


രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിംഗ്‌സ് അവസാനിക്കുമെന്ന് സോണിയാഗാന്ധി പ്ലീനറി സമ്മേളനത്തില്‍ നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.'ഭാരത് ജോഡോ യാത്രയോട് കൂടി എന്റെ ഇന്നിംഗ്‌സ് അവസാനിക്കുമെന്നതാണ് എന്നെ ഏറ്റവും ആഹ്ലാദിപ്പിക്കുന്ന കാര്യം. യാത്ര ഒരു വഴിത്തിരിവായി. ഇന്ത്യയിലെ ജനങ്ങള്‍ ഐക്യവും സഹിഷ്ണുതയും സമത്വവും ആഗ്രഹിക്കുന്നുണ്ടെന്ന് ഇത് തെളിയിച്ചു.' സോണിയാ ഗാന്ധി പറഞ്ഞു.

രാജ്യവും കോണ്‍ഗ്രസും ഒരുപോലെ വെല്ലുവിളി നേരിടുന്ന സമയമാണിത്. ബിജെപിയും ആര്‍എസ്എസും രാജ്യത്തെ ഓരോ സ്ഥാപനവും പിടിച്ചെടുക്കുകയും അട്ടിമറിക്കുകയും ചെയ്യുന്നുവെന്നും സോണിയ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ആക്രമണങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു. ഭരണഘടന സ്ഥാപനങ്ങളെ ആക്രമിക്കുന്നു. രാജ്യത്തെ സമ്പത്ത് ബിസിനസുകാര്‍ക്ക് നല്‍കുന്നുവെന്നും സോണിയാഗാന്ധി പറഞ്ഞു. പൊതുതാല്‍പര്യം കണക്കിലെടുത്ത് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. കോണ്‍ഗ്രസിന്റെ വിജയം ഓരോ പ്രവര്‍ത്തകന്റേയും വിജയമാണെന്നും സോണിയ പറഞ്ഞു.

അംഗങ്ങള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശവും കോണ്‍ഗ്രസ് നല്‍കി. പരസ്യമായി പാര്‍ട്ടിക്കെതിരെ വിമര്‍ശനം ഉന്നയിക്കരുത്, ലഹരി ഉപയോഗിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്നത്. റായ്പൂരിലെ മൂന്ന് ദിന പ്ലീനറി സമ്മേളനത്തിലാണ് പാര്‍ട്ടി ഭരണഘടനയില്‍ ഇക്കാര്യങ്ങള്‍ കൂട്ടിചേര്‍ത്തത്. അംഗങ്ങള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളിലും കമ്മ്യൂണിറ്റി സേവനങ്ങളിലും സജീവമാകണമെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കി. ഇതിനുപുറമേ ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും ആവശ്യപ്പെട്ടു.

ലഹരി വസ്തുക്കള്‍ ഉപയോഗിക്കരുത്, ദരിദ്രരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക, മതേതരത്വം, സോഷ്യലിസം, സാമൂഹിക നീതി, ജനാധിപത്യം എന്നിവ സംരക്ഷിക്കുന്നതായി പ്രവര്‍ത്തിക്കുക, പാര്‍ട്ടിയുടെ അംഗീകൃത നയങ്ങളെയും പരിപാടികളെയും പ്രത്യക്ഷമായോ പരോക്ഷമായോ പരസ്യമായോ അല്ലാതെയോ, ഉള്‍പാര്‍ട്ടി ഫോറത്തിലൂടെയല്ലാതെ പൊതുവേദികളില്‍ വിമര്‍ശിക്കരുത് എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.

ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടക്കുന്ന 85 മത് പ്ലീനറി സമ്മേളനത്തിനാണ് വെള്ളിയാഴ്ച തുടക്കം കുറിച്ചത്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്ലീനറി സമ്മേളനത്തില്‍ 15,00 പ്രതിനിധികളാണ് പങ്കെടുത്തത്. പൊതു സമ്മേളനത്തോടെ നാളെ പ്ലീനം അവസാനിക്കും. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പാര്‍ട്ടി സ്വീകരിക്കേണ്ട കാര്യങ്ങള്‍ പ്ലീനറിയില്‍ ചര്‍ച്ചയാവുമെന്നാണ് മനസ്സിലാക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലായെന്ന തീരുമാനം പ്ലീനറിയില്‍ എടുത്തു. അതിനാല്‍ അംഗങ്ങളെ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെ നിര്‍ദേശിക്കും.

article-image

JGFHGFHJGF

You might also like

Most Viewed