മേഖലയിലെ സംഘർഷം: ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി
പ്രദീപ് പുറവങ്കര l ബഹ്റൈൻ
മനാമ: ബഹ്‌റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ സി.ബി.എസ്.ഇ സ്കൂളുകളിലെ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കിയതായി ഞായറാഴ്ച പുറത്തിറങ്ങിയ ഔദ്യോഗിക സർക്കുലറിൽ അറിയിച്ചു. 2026 മാർച്ച് 16 മുതൽ ഏപ്രിൽ 10 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും നേരത്തെ മാറ്റിവെച്ച പരീക്ഷകളും റദ്ദാക്കുകയാണെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. മേഖലയിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് വിദ്യാലയങ്ങളിൽ നിന്നും അധികൃതരിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾ മുൻനിർത്തിയാണ് ഈ അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്.
നേരത്തെ മാറ്റിവെച്ചിരുന്ന പരീക്ഷകൾ ഇനി ഉണ്ടായിരിക്കില്ലെന്നും ഈ വിദ്യാർത്ഥികളുടെ പരീക്ഷാഫലം സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുമെന്നും പത്രക്കുറിപ്പിൽ പറയുന്നു. പത്താം ക്ലാസ് പരീക്ഷകൾ സി.ബി.എസ്.ഇ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. ഉപരിപഠനത്തിന് പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഏറെ നിർണ്ണായകമാണെന്നിരിക്കെ പരീക്ഷാ ബോർഡിന്റെ ഈ പുതിയ തീരുമാനം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്.
മോഡൽ പരീക്ഷ ഉൾപ്പെടെ നേരത്തെ നടന്ന പരീക്ഷകളുടെ ഫലം അടിസ്ഥാനമാക്കിയായിരിക്കും നിലവിലെ സാഹചര്യത്തിൽ ഫലം നിശ്ചയിക്കുക എന്നാണ് ഈ രംഗത്തുള്ള വിദഗ്ധർ നൽകുന്ന സൂചന.
dsfgdg


