ബഹ്‌റൈന് നേരെയുള്ള ഇറാൻ ആക്രമണം: 125 മിസൈലുകളും 203 ഡ്രോണുകളും തകർത്ത് പ്രതിരോധ സേന
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ക്രൂരമായ ഭീകരാക്രമണങ്ങളെ ബഹ്‌റൈൻ പ്രതിരോധ സേന (BDF) വിജയകരമായി പ്രതിരോധിച്ചു. ആക്രമണം ആരംഭിച്ചത് മുതൽ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 125 മിസൈലുകളും 203 ഡ്രോണുകളും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായി ബി.ഡി.എഫ് ജനറൽ കമാൻഡ് അറിയിച്ചു.
സൈന്യത്തിന്റെ ഉയർന്ന യുദ്ധസന്നദ്ധതയിലും പ്രവർത്തനക്ഷമതയിലും അഭിമാനമുണ്ടെന്നും ബഹ്‌റൈന്റെ ആകാശം സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി. സിവിലിയൻ കേന്ദ്രങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്നും ഇത് പ്രാദേശിക സമാധാനത്തിന് വലിയ ഭീഷണിയാണെന്നും ബി.ഡി.എഫ് ചൂണ്ടിക്കാട്ടി.
പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സൈന്യം നിർദ്ദേശിച്ചു. ആക്രമണം നടന്ന സ്ഥലങ്ങളിൽ നിന്നോ സംശയാസ്പദമായ വസ്തുക്കളിൽ നിന്നോ അകന്നു നിൽക്കണം. സൈനിക നീക്കങ്ങളുടെയോ തകർന്നുവീണ അവശിഷ്ടങ്ങളുടെയോ ദൃശ്യങ്ങൾ പകർത്തുന്നതും കിംവദന്തികൾ പ്രചരിപ്പിക്കുന്നതും ഒഴിവാക്കണം. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളും മുന്നറിയിപ്പുകളും മാത്രം പിന്തുടരണമെന്നും ജനറൽ കമാൻഡ് ആവശ്യപ്പെട്ടു.
cvxv


