മാനസിക സമ്മർദ്ദം കുറയ്ക്കാൻ 'സിംസ്' എൻ.എൽ.പി ക്ലാസ്സ് സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: സിറോ മലബാർ സൊസൈറ്റി ബഹ്റൈൻ, എൻ.എൽ.പി (Neuro-Linguistic Programming) അടിസ്ഥാനമാക്കി മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനായി പ്രത്യേക ക്ലാസ്സ് സംഘടിപ്പിച്ചു. "ഒരു മഴയും തോരാതിരുന്നിട്ടില്ല" എന്ന വിഷയത്തെ ആസ്പദമാക്കി പോൾ തോമസിന്റെ നേതൃത്വത്തിലാണ് ഓൺലൈൻ സെഷൻ നടന്നത്.
നിലവിലെ പ്രത്യേക സാഹചര്യത്തിൽ പ്രവാസികൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് പോൾ തോമസ് വിശദീകരിച്ചു. ഗൾഫ് മേഖലയിലെ പ്രതിസന്ധി ഘട്ടങ്ങളിൽ കുട്ടികളെ എങ്ങനെ പരിചരിക്കണമെന്നും അവർക്ക് നൽകേണ്ട മാനസിക പിന്തുണയെക്കുറിച്ചും അദ്ദേഹം ക്ലാസ്സിൽ വ്യക്തമാക്കി. സിംസ് അംഗങ്ങളും വിവിധ സംഘടനാ പ്രതിനിധികളുമടക്കം നൂറോളം പേർ പങ്കെടുത്ത ചടങ്ങിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
സിംസ് പ്രസിഡന്റ് പി.ടി. ജോസഫ് ചടങ്ങിന് ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി നെൽസൺ വർഗീസ്, ട്രഷറര്‍ ജേക്കബ് വാഴപ്പിള്ളി, ഐ.ടി സെക്രട്ടറി സിബു ജോർജ് എന്നിവരടക്കമുള്ള ഭരണസമിതി അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ് നന്ദി രേഖപ്പെടുത്തി.


