ഇറാൻ അനുകൂല ദൃശ്യങ്ങൾ പ്രചരിപ്പിച്ച ആറ് പേർ ബഹ്‌റൈനിൽ പിടിയിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈൻ രാജ്യത്തിന്റെ സുരക്ഷയെയും പൊതുസമാധാനത്തെയും ബാധിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച ആറ് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ആന്റി കറപ്ഷൻ, ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള സൈബർ ക്രൈം ഡയറക്ടറേറ്റാണ് ഇവരെ പിടികൂടിയത്. ഇറാൻ നടത്തിയ ആക്രമണങ്ങളെ അനുകൂലിക്കുന്നതും, പ്രകോപനപരമായ നടപടികളെ മഹത്വവൽക്കരിക്കുന്നതുമായ വീഡിയോകൾ പ്രചരിപ്പിച്ചതാണ് അറസ്റ്റിന് കാരണം.
കൂടാതെ, വ്യാജവാർത്തകൾ പടർത്താനും ബഹ്‌റൈനിലെ ചില കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അക്രമത്തിന് പ്രേരിപ്പിക്കാനും ഇവർ ശ്രമിച്ചതായി അധികൃതർ കണ്ടെത്തി. പൊതുജനങ്ങൾക്കിടയിൽ ഭീതി പടർത്താനും തെറ്റായ വിവരങ്ങളിലൂടെ വഴിതെറ്റിക്കാനും ലക്ഷ്യമിട്ടാണ് ഇവർ പ്രവർത്തിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. പിടികൂടിയവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇവരെ തുടർവിചാരണയ്ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും, ഉറവിടമില്ലാത്ത വാർത്തകളോ ദൃശ്യങ്ങളോ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം ജനങ്ങൾക്ക് നിർദ്ദേശം നൽകി. നിയമപരമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിനും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം നടപടികൾ അനിവാര്യമാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
dfgdg


