ഡൽഹിയിൽ 20കാരിയെ റോഡിലൂടെ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ

രാജ്യതലസ്ഥാനത്ത് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന 20കാരിയെ കാറിടിച്ച് വീഴ്ത്തിയ ശേഷം റോഡിലൂടെ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. ദീപക് ഖന്ന (26), അമിത് ഖന്ന (25), കൃഷ്ണൻ (27), മിഥുൻ (26), മനോജ് മിത്തൽ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ ഐ.പി.സി 279, 304 എ വകുപ്പുകൾ പ്രകാരം കേസെടുത്തു. മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ വാഹനമോടിച്ച ആളുടെ രക്തപരിശോധന നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പുതുവർഷ പുലരിയിൽ ഡൽഹിയിലെ സുൽത്താൻപുരിയിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണ് യുവതിയുടെ ശരീരം റോഡിലൂടെ വലിച്ചിഴച്ച് നീങ്ങുന്ന വാഹനത്തെ കുറിച്ച് കഞ്ചാവാല പൊലീസിന് വിവരം ലഭിക്കുന്നത്. ഇതിന് പിന്നാലെ നാലേകാലോടെ റോഡിൽ മരിച്ചനിലയിൽ അഞ്ജലി സിങ്ങിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
നാലു കിലോമീറ്ററോളം യുവതിയെ റോഡിലൂടെ വലിച്ചിഴച്ചതായാണ് വിവരം. യുവതി വിവസ്ത്രയായി കാലുകൾ ഒടിഞ്ഞ നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മംഗൽപുരിയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.പുതുവർഷ പുലരിയിൽ നടന്ന സംഭവത്തിൽ ഡൽഹി വനിത കമീഷൻ ഡൽഹി പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. വളരെ ഭയാനകമായ സംഭവമാണ് നടന്നതെന്ന് കമീഷൻ അധ്യക്ഷ സ്വാതി മലിവാൾ ട്വീറ്റ് ചെയ്തു. കമീഷന് മുമ്പിൽ ഹാജരായി വിശദീകരണം നൽകാൻ പൊലീസിനോട് നിർദേശിച്ചിട്ടുണ്ട്. പുതുവർഷത്തോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് ആരായുമെന്നും അധ്യക്ഷ വ്യക്തമാക്കി.
ീൂഹബൂബഗഹൂബ