പോ​പ്പു​ല​ർ ഫ്ര​ണ്ടി​നും അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ൾ​ക്കും 5 വർഷത്തേക്ക് വിലക്ക്


പോപ്പുലർ‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. അഞ്ച് വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയത്. ഇത് വ്യക്തമാക്കുന്ന ഉത്തരവ് പുറത്തിറക്കി. രാജ്യത്തുടനീളമുള്ള പോപ്പുലർ‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളിൽ‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് സംഘടനയെ നിരോധിക്കാനുള്ള തീരുമാനം. 1967ലെ നിയമവിരുദ്ധ പ്രവർ‍ത്തനങ്ങൾ‍ (തടയൽ‍) നിയമത്തിന്‍റെ (യുഎപിഎ) 35ആം വകുപ്പ് പ്രകാരം നിരോധിക്കപ്പെട്ട 42 ലേറെ സംഘടനകളുടെ പട്ടികയിലാണ് പോപ്പുലർ‍ ഫ്രണ്ടിനേയും ഉൾ‍പ്പെടുത്തിയത്. ഭീകര പ്രവർത്തനം നടത്തി, ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകി, ഭീകര പ്രവർത്തനങ്ങൾക്ക് ആളെ റിക്രൂട്ട് ചെയ്തു തുടങ്ങിയവ കണ്ടെത്തിയാണ് നിരോധനം. പോപ്പുലർ ഫ്രണ്ടിനൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകളും നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.

പിഎഫ്ഐക്ക് ഐഎസ് പോലുള്ള ആഗോള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. ഉത്തർപ്രദേശ്, കർണാടക, ഗുജറാത്ത് സർക്കാരുകൾ പിഎഫ്ഐയുടെ നിരോധനത്തിന് ശിപാർശ ചെയ്തിരുന്നു. അന്വേഷണ ഏജന്‍സികളുടെ റിപ്പോർ‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിലവിലെ തീരുമാനമെന്നും ദേശീയ മാധ്യമങ്ങൾ‍ റിപ്പോർ‍ട്ട് ചെയ്യുന്നു. 

ഈ മാസം 22−ന് 15 സംസ്ഥാനങ്ങളിലായി എൻഐഎയും ഇഡിയും സംയുക്തമായി നടത്തിയ റെയ്ഡിൽ‍ നൂറിലേറെ നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. റെയ്ഡുകളിൽ, തീവ്രവാദ പ്രവർ‍ത്തനങ്ങളിൽ‍ പിഎഫ്‌ഐയുടെ പങ്കാളിത്തത്തിന്‍റെ ശക്തമായ തെളിവുകൾ‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ‍ അവകാശപ്പെടുന്നത്.

article-image

ിബഹബ

You might also like

Most Viewed