പുതിയ പാർട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്

പുതിയ പാർട്ടിയുമായി മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. ‘ഡെമോക്രാറ്റിക് ആസാദ് പാർട്ടി’യെന്നാണ് ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രിയായ ആസാദ് തന്റെ പുതിയ പാർട്ടിക്ക് പേരിട്ടിരിക്കുന്നത്. ഉർദു, സംസ്‌കൃതം ഭാഷകളിൽ നിന്നായി 1500ഓളം പേരുകൾ നിർദേശങ്ങളായി ലഭിച്ചെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. നീല, വെള്ള, മഞ്ഞ നിറങ്ങൾ ചേർന്നതാണ് പാർട്ടി പതാക. കടും മഞ്ഞ സർഗ്ഗാത്മകതയെയും ഏകത്വത്തെയും സൂചിപ്പിക്കുന്നതാണെന്നും വെള്ള സമാധാനത്തേയും നീല സ്വാതന്ത്ര്യത്തേയും സൂചിപ്പിക്കുന്നതെന്നും പതാക അനാശ്ചാദനം ചെയ്തുകൊണ്ട് ഗുലാം നബി ആസാദ് വിശദീകരിച്ചു.
പത്ത് ദിവസത്തിനകം പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്ന് ഗുലാം നബി ആസാദ് നേരത്തെ അറിയിച്ചിരുന്നു. ജമ്മു കാശ്മീർ ആസ്ഥാനമാക്കിയായിരിക്കും പാർട്ടിയുടെ പ്രവർത്തനം. നേരത്തെ പാർട്ടിയുടെ പേരും കൊടിയുമെല്ലാം ജനങ്ങൾ തീരുമാനിക്കുമെന്നായിരുന്നു ജമ്മു കാശ്മീരിൽ ആയിരങ്ങൾ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്ത് ഗുലാം നബി പറഞ്ഞത്. എല്ലാർക്കും മനസിലാകുന്ന ഹിന്ദുസ്ഥാൻ നാമമാകും പാർട്ടിയുടേതെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
xyhdu