ആർഎസ്എസിലുള്ള എല്ലാവരും മോശക്കാരല്ലെന്ന് മമത; എതിർത്ത് പ്രതിപക്ഷ പാർട്ടികൾ

ആർഎസ്എസിലുള്ള എല്ലാവരും മോശക്കാരല്ലെന്നും ബിജെപിയെ പിന്തുണക്കാത്ത നിരവധി പേർ ആർഎസ്എസിൽ ഉണ്ടെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി. മമതയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷ പാർട്ടികളായ സിപിഐഎം, കോൺഗ്രസ്, എഐഎംഐഎം എന്നിവർ രംഗത്തുവന്നു. ആർഎസ്എസ് നേരത്തെ അത്ര മോശമായിരുന്നില്ല. അവർ അത്ര മോശക്കാരാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ആർഎസ്എസിൽ ധാരാളം നല്ല ആളുകളുണ്ട്. ബിജെപിയിൽ വിശ്വസിക്കാത്ത നിരവധി പേർ ആർഎസ്എസിൽ ഉണ്ട്. തൃണമൂൽ കോൺഗ്രസ് നേതാവ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിലായിരുന്നു മമതാ ബാനർജിയുടെ ഈ വിവാദ പരാമർശം.
ബിജെപിക്കെതിരായ പോരാട്ടത്തിൽ തൃണമൂൽ കോൺഗ്രസിന് ആത്മാർഥതയില്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞതായി സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം സുജൻ ചക്രവർത്തി പറഞ്ഞു. മമത ആർഎസ്എസിന്റെ സന്തതിയാണെന്ന ഇടത് പാർട്ടികളുടെ നിലപാടിന് മറ്റൊരു തെളിവ് കൂടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2003ലും ആർഎസ്എസിനെ മമത ദേശസ്‌നേഹികൾ എന്ന് വിളിച്ചിരുന്നെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി വിമർശിച്ചു. തിരിച്ച് ദുർഗയെന്നാണ് മമതയെ ആർഎസ്എസ് വിശേഷിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആർഎസ്എസുമായി നേരത്തെയും അടുപ്പം പുലർത്തിയിരുന്ന നേതാവാണ് മമതയെന്നായിരുന്നു കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ വിമർശനം. ഇടതുമുന്നണി സർക്കാരിനെ അട്ടിമറിക്കണമെന്ന് ആർഎസ്എസ് വേദിയിൽ ആവശ്യപ്പെട്ട നേതാവാണ് മമതയെന്നും തനിനിറം വീണ്ടും പുറത്തായെന്നും ചൗധരി കൂട്ടിച്ചേർത്തു. അതേസമയം ഉവൈസിയുടെ മതേതര സർട്ടിഫിക്കറ്റ് മമതക്ക് ആവശ്യമില്ലെന്ന് തൃണമൂൽ എംപി സൗഗത റോയ് തിരിച്ചടിച്ചു. എന്നാൽ രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്ന നയം മമതയും പാർട്ടിയും തിരുത്തണമന്ന് ആർഎസ്എസ് സംസ്ഥാന സെക്രട്ടറി ജിഷ്ണു ബസു പറഞ്ഞു. ആർഎസ്എസിനും ബിജെപിക്കും മമതയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്നായിരുന്നു ബിജെപി ദേശീയ പ്രസിഡന്റ് ദിലീപ് ഘോഷിന്റെ പ്രതികരണം.
ോോ