ന്യൂജേഴ്സിയിൽ നിന്നു കാണാതായ ഇന്ത്യൻ യുവതിയെ “കാണാതായ വ്യക്തികളുടെ പട്ടിക’യിൽ ഉൾപ്പെടുത്തി എഫ്ബിഐ

ന്യൂജേഴ്സിയിൽ നിന്നു കാണാതായ ഇന്ത്യൻ യുവതിയെ “കാണാതായ വ്യക്തികളുടെ പട്ടിക’യിൽ ഉൾപ്പെടുത്തി എഫ്ബിഐ(ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ). മയൂഷി ഭഗത്(28) എന്ന യുവതിയെയാണ് 2019 മുതൽ കാണാതായിരിക്കുന്നത്. ഇവരെ കുറിച്ചുള്ള വിവരം ലഭിച്ചാൽ കൈമാറണമെന്ന് എഫ്ബിഐ പൊതുജനങ്ങളോട് അഭ്യർഥിച്ചു. 2019 ഏപ്രിൽ 29ന് ന്യൂജേഴ്സി സിറ്റിയിലെ അപ്പാർട്ട്മെന്‍റിൽ വച്ചാണ് മയൂഷിയെ അവസാനം ആളുകൾ കണ്ടത്. പൈജാമ പാന്‍റും കറുത്ത ടി−ഷർട്ടുമാണ് ഈ സമയം മയൂഷി ധരിച്ചിരുന്നത്. മയൂഷിയെ കാണാനില്ലെന്ന് കാട്ടി 2019 മേയ് ഒന്നിന് ബന്ധുക്കൾ പരാതി നൽകി. അഞ്ച് അടി 10 ഇഞ്ച് ഉയരമുള്ള മയൂഷി ഇരുനിറക്കാരിയാണ്. കറുത്ത മുടിയും തവിട്ട് നിറമുള്ള കണ്ണുകളുമാണ് മയൂഷിയുടേത്.
2016ൽ എഫ്1 സ്റ്റുഡന്‍റ് വിസയിലാണ് മയൂഷി അമേരിക്കയിലെത്തിയത്. പഠനത്തിനായി ന്യൂ ഹാംഷെയർ യൂണിവേഴ്സിറ്റിയിലും തുടർന്ന് ന്യൂയോർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും മയൂഷി ചേർന്നു. ഇംഗ്ലീഷും ഹിന്ദിയും ഉറുദുവും സംസാരിക്കുന്ന മയൂഷിക്ക് ന്യൂജേഴ്‌സിയിലെ സൗത്ത് പ്ലെയിൻഫീൽഡിൽ സുഹൃത്തുക്കളുണ്ട്. എഫ്ബിഐയുടെ നെവാർക്ക് ഡിവിഷൻ ബുധനാഴ്ചയാണ് തങ്ങളുടെ വെബ്‌പേജിലെ “കാണാതായ വ്യക്തികളുടെ’ പട്ടികയിൽ മയൂഷിയെ ഉൾപ്പെടുത്തിയതെന്ന് എഫ്ബിഐ സ്പെഷ്യൽ ഏജന്‍റ് ഇൻ ചാർജ് ജയിംസ് ഡെന്നിഹി പറഞ്ഞു. മയൂഷിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പ്രാദേശിക എഫ്ബിഐ ഓഫീസുമായോ അടുത്തുള്ള അമേരിക്കൻ എംബസിയുമായോ കോൺസുലേറ്റുമായോ ബന്ധപ്പെടണമെന്ന് എഫ്ബിഐ അറിയിച്ചു.