ഗ്രീസിലും സ്പെയിനിലും ഇറ്റലിയിലും കാട്ടുതീ പടരുന്നു

യൂറോപ്പിൽ ഉഷ്ണതരംഗത്തിനിടെ, ഗ്രീസ്, സ്പെയിൻ, ഇറ്റലി രാജ്യങ്ങളിൽ കാട്ടുതീ പടരുന്നു. ഫ്രാൻസിലും യുകെയിലും താപനില കുറഞ്ഞെങ്കിലും മറ്റു രാജ്യങ്ങളിൽ കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.തെക്കുപടിഞ്ഞാറൻ ഫ്രാൻസിലുണ്ടായ കാട്ടുതീ നിയന്ത്രണവിധേയമായി. വടക്കു- കിഴക്കൻ യൂറോപ്പിലേക്ക് ഉഷ്ണതരംഗം കടന്നതിനാൽ, നദികളിൽ ജലനിരപ്പ് കുറഞ്ഞു. ജർമനിയിൽ ജലപാതയിലൂടെയുള്ള ചരക്കു നീക്കം നിലച്ചു.
ഗ്രീസിൽ പെന്‍റിലി പർവതമേഖല മുതൽ തലസ്ഥാനമായ ആഥൻസ് വരെയുള്ള പ്രദേശത്താണു കാട്ടുതീ പടർന്നത്. അഞ്ഞൂറോളം അഗ്നിശമന യൂണിറ്റുകൾ തീയണയ്ക്കാൻ പരിശ്രമിക്കുന്നുണ്ട്. പല്ലിനിയിൽ കാട്ടുതീയെത്തുടർന്ന് വൈദ്യുതിപോസ്റ്റുകൾ ഉരുകിയതായും റിപ്പോർട്ടുണ്ട്. തീയണയ്ക്കുന്നതിനായി ഹെലികോപ്റ്ററുകളിൽനിന്നു വെള്ളം തളിക്കുന്ന ശ്രമങ്ങളും അഗ്നിശമന സേന നടത്തുന്നുണ്ട്. കിഴക്കൻ ഗിർക്കാസിൽനിന്നു നൂറുകണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു. തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ജിറോന്ദിലാണു കാട്ടുതീ കൂടുതലായി നാശം വരുത്തിയത്. മേഖലയിൽ 40 ഡിഗ്രി സെൽഷസാണു താപനില. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായും വൈകാതെ നിയന്ത്രണ വിധേയമാകുമെന്നും മേയർ ല ടെസ്റ്റിഡേ ബുച്ച് പറഞ്ഞു. കാട്ടുതീ ബാധിതപ്രദേശത്ത് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണ്‍ സന്ദർശനം നടത്തി.
സ്പെയിനിൽ കാട്ടുതീയെയും ഉഷ്ണതരംഗത്തെയും തുടർന്ന് 500 പേർ മരിച്ചതായി പ്രസിഡന്‍റ് പെഡ്രോ സാഞ്ചസ് അറിയിച്ചു. സമോരയിലെ തീ നിയന്ത്രണ വിധേയമായെന്നും ഗലീസിയയിൽ രണ്ടിടത്തായുള്ള കാട്ടുതീ നിയന്ത്രിക്കാൻ സാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.വടക്കു-കിഴക്കൻ അരഗോണിൽ 5,600 ഹെക്ടർ (13,800 ഏക്കർ) പ്രദേശത്ത് കാട്ടുതീ പടർന്നതായും സാഞ്ചസ് ബുധനാഴ്ച പറഞ്ഞു. ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിൽ കാട്ടുതീമൂലം ഒട്ടനവധി ഭവനങ്ങൾ നശിച്ചു.
ബുധനാഴ്ച ഇറ്റലിയിലാണ് ഉഷ്ണതരംഗം വ്യാപകമായി വീശിയടിച്ചത്. അത്യുഷ്ണത്തെത്തുടർന്ന് റോം-ഫ്ലോറൻസ് ട്രെയിൻ ഗതാഗതം നിർത്തിവച്ചു. വ്യാഴാഴ്ചയും അത്യുഷ്ണമായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജർമനിയിൽ ചില പ്രദേശങ്ങളിൽ ബുധനാഴ്ച 39 ഡിഗ്രി സെൽഷസ് താപനില രേഖപ്പെടുത്തി. ഉഷ്ണതരംഗം ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. നദികളിൽ ജലനിരപ്പ് കുറഞ്ഞതിനാൽ ചരക്കുകപ്പലുകളുടെ സഞ്ചാരം തടസപ്പെട്ടു. ഇതിനിടെ, പടിഞ്ഞാറൻ ജർമനിയിലും ബെൽജിയത്തിലും കനത്ത മഴ പെയ്തു.