നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർ‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം


കൊല്ലം ആയൂരിൽ‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർ‍ത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ‍ അടിയന്തര അന്വേഷണത്തിന് നിർ‍ദേശം നൽ‍കി കേന്ദ്ര സർ‍ക്കാർ‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർ‍മേന്ദ്ര പ്രധാൻ വിദ്യാഭ്യാസ അഡീഷണൽ‍ സെക്രട്ടറിയോട് റിപ്പോർ‍ട്ട് തേടി. കേരളത്തിൽ‍ നിന്നുള്ള ലോക്‌സഭാംഗങ്ങൾ‍ നൽ‍കിയ അടിയന്തിരപ്രമേയ നോട്ടീസിനെ തുടർ‍ന്നാണ് മന്ത്രിയുടെ ഇടപെടൽ‍. ഹൈബി ഈഡനും കെ മുരളീധരനുമാണ് നോട്ടീസ് നൽ‍കിയത്. 

രാജ്യസഭയിലും വിഷയം ചർ‍ച്ച ചെയ്യുമെന്ന് കോണ്‍ഗ്രസ് എംപി ജെബി മേത്തറും പറഞ്ഞു. എന്നാൽ‍ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചെന്ന് രേഖാമൂലം പരാതി ലഭിച്ചില്ലെന്നാണ് നാഷണൽ‍ ടെസ്റ്റിങ് ഏജൻസിയുടെ വിശദീകരണം. പരീക്ഷാസമയത്തോ പിന്നീടോ പരാതി ലഭിച്ചില്ലെന്നും അവർ‍ പറഞ്ഞു. അടിവസ്ത്രം അഴിപ്പിച്ചുള്ള പരിശോധന അനുവദനീയമല്ല. എൻടിഎ ഡ്രസ് കോഡിൽ‍ ഇത്തരം നടപടികൾ‍ നിർ‍ദേശിച്ചിട്ടില്ലെന്നും അധികൃതർ‍ അറിയിച്ചു. അതേസമയം, അടിവസ്ത്രം അഴിപ്പിച്ചതുമായി ബന്ധപ്പെട്ട വിദ്യാർ‍ത്ഥിനികൾ നൽ‍കിയ പരാതിയിൽ‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന ആയൂർ‍ മാർ‍ത്തോമ്മാ ഇൻ‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർ‍മേഷൻ ആൻഡ് ടെക്‌നോളജിയിൽ‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ‍ പൊലീസ് പരിശോധിക്കും.

You might also like

Most Viewed