‘ഹോട്ടലുകളിൽ‍ ബീഫ് എന്ന വാക്ക് പരസ്യപ്പെടുത്തി ബോർ‍ഡ് വയ്ക്കരുത്; ഉത്തരവിറക്കി അരുണാചൽ‍ പ്രദേശ്


അരുണാചൽ‍ പ്രദേശിൽ‍ ഭക്ഷണശാലകളിൽ‍ നിന്ന് ബീഫ് എന്ന വാക്ക് നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ഇറ്റാനഗർ‍ മജിസ്ട്രേറ്റ്. മതപരമായ പ്രശ്നങ്ങൾ‍ ചൂണ്ടിക്കാട്ടിയാണ് ബീഫ് എന്ന വാക്ക് നീക്കം ചെയ്യുന്നത്. ഇന്ത്യയിൽ‍ തന്നെ ഏറ്റവും കൂടുതൽ‍ ആളുകൾ‍ മാംസം കഴിക്കുന്ന ആളുകളുള്ള വടക്കുകിഴക്കന്‍ സംസ്ഥാനമാണ് അരുണാചൽ‍ പ്രദേശ്. അതേസമയം തന്നെ ഇന്ത്യൻ‍ ഭരണഘടനയുടെ മതേതരത്വത്തിൽ‍ തങ്ങൾ‍ വിശ്വസിക്കുന്നുണ്ടെന്നും ജില്ലാ ഭരണകൂടം ഉത്തരവിൽ‍ പറയുന്നു.

ഹോട്ടലുകളുടെയും റസ്‌റ്റോറന്റുകളുടെയും ബോർ‍ഡുകളിൽ‍ ബീഫ് എന്ന വാക്ക് പരസ്യമായി പ്രദർ‍ശിപ്പിക്കുന്നത് സമൂഹത്തിലെ ഒരു വിഭാഗം ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും ആളുകൾ‍ തമ്മിൽ‍ വിഭാഗീയതയുണ്ടാക്കുമെന്നും ഇതിനാലാണ് തീരുമാനമെന്നുമാണ് വിശദീകരണം.

ഉത്തരവനുസരിച്ച് ഇറ്റാനഗറിലെ എല്ലാ ഹോട്ടലുകളിൽ‍ നിന്നും റസ്‌റ്റോറന്റുകളിൽ‍ നിന്നും നിലവിലുളള ബീഫ് ബോർ‍ഡുകളും നീക്കം ചെയ്യണം. ജനങ്ങൾ‍ തമ്മിൽ‍ മതപരമായ പ്രശ്‌നങ്ങൾ‍ ഒഴിവാക്കാനുള്ള പ്രതിരോധ നടപടിയായി എന്ന നിലയിലാണ് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് അസിസ്റ്റന്റ് കമ്മിഷണർ‍ പറഞ്ഞു.

‘ഗോമാംസം കഴിക്കുന്നതിന് നിരോധനമില്ലാത്തതിനാൽ‍ ജനങ്ങൾ‍ ഉത്തരവുമായി ആശയക്കുഴപ്പത്തിലാകരുത്. ബീഫ് എന്ന വാക്ക് ഭക്ഷണശാലകളുടെ ബോർ‍ഡുകളിൽ‍ കാണുമ്പോൾ‍ ഒരു വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുന്നതായി ഒരു കൂട്ടം പരാതികൾ‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. പരാതിക്കാർ‍ക്ക് ഏതെങ്കിലും രാഷ്ട്രീയ ബന്ധമോ മതസംഘടനകളുമായി ബന്ധമോ ഇല്ലെന്നും വിശദീകരിക്കുന്നു.

‘ഹിന്ദുക്കൾ‍ ഗോമാംസം കഴിക്കില്ല. അതവരുടെ മതത്തിന് വിരുദ്ധമാണ്. പശു സംരക്ഷിക്കേണ്ടതും ബഹുമാനിക്കപ്പെടേണ്ടതുമായ മൃഗമാണ്. ജീവിതത്തിന്റെ പവിത്രമായ പ്രതീകമായി അവർ‍ അതിനെ കണക്കാക്കുന്നു. മാംസം വിളമ്പുന്നുണ്ടെങ്കിലും ഹോട്ടലുകളും റെസ്റ്റോറന്റുകളും ബീഫ് സൈൻബോർ‍ഡുകൾ‍ പരസ്യമായി കാണിക്കുന്നത് നിങ്ങൾ‍ രാജ്യത്ത് എവിടെയും കാണില്ല, കമ്മിഷണർ‍ കൂട്ടിച്ചേർ‍ത്തു.

You might also like

Most Viewed