ജയിലിൽ കഴിയുന്ന സഞ്ജീവ് ഭട്ടിനെ വീണ്ടും അറസ്റ്റ് ചെയ്തു

27 വർഷം പഴക്കമുള്ള മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ വീണ്ടും അറസ്റ്റ് ചെയ്തു. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ട്രാൻസ്ഫർ വാറന്റുമായി എത്തിയ ഗുജറാത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിനും ഗുജറാത്ത് മുന്‍ ഡിജിപി ആർ ബി ശ്രീകുമാർ എന്നിവർക്ക് ശേഷം കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്ന മൂന്നാമനാണ് സഞ്ജീവ് ഭട്ട്. രാജസ്ഥാനിലെ അഭിഭാഷകനെ കള്ളക്കേസിൽ കുടുക്കാൻ മയക്കുമരുന്ന് സ്ഥാപിച്ചുവെന്ന 27 വർഷം പഴക്കമുള്ള കേസിലാണ് സഞ്ജീവ് ഭട്ട് ജയിലിൽ കഴിയുന്നത്. വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയതായി അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഡിസിപി ചൈതന്യ മണ്ഡലിക് അറിയിച്ചു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമെടുത്ത കേസിൽ ആർ ബി ശ്രീകുമാറും ടീസ്ത സെതൽവാദും അറസ്റ്റ് ചെയ്യപ്പെട്ടത്. വഞ്ചനാക്കുറ്റം, വ്യാജ തെളിവ് ഉണ്ടാക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങി വകുപ്പുകൾ ചേർത്താണ് മൂന്നുപേരേയും അറസ്റ്റ് ചെയ്തിരിക്കുന്നത്. 2002ലെ ഗുജറാത്ത് കലാപക്കേസിൽ 2012ൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് എസ്‌ഐടി ക്ലീൻ ചിറ്റ് നൽകിയിരുന്നു. മോദിയടക്കം 64 പേരുടെ ക്ലീൻ ചിറ്റ് സുപ്രീംകോടതി ശരിവെക്കുകയും ചെയ്തിരുന്നു. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് ക്ലീൻ ചിറ്റ് ശരിവെച്ചുകൊണ്ട് വിധി പറഞ്ഞത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നൽകിയ അഭിമുഖത്തിൽ ടീസ്തയടക്കമുള്ളവർക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ടീസ്തയുടെ അറസ്റ്റ്.