പോളിംഗ് ഓഫീസറെ ആക്രമിച്ച കേസ്; ബോളിവുഡ് നടനും കോൺഗ്രസ് നേതാവുമായ രാജ് ബബ്ബറിന് തടവ് ശിക്ഷ

പോളിംഗ് ഓഫീസറെ ആക്രമിച്ച കേസിൽ ബോളിവുഡ് നടനും കോൺഗ്രസ് നേതാവുമായ രാജ് ബബ്ബറിന് തടവ് ശിക്ഷ. രണ്ട് വർഷത്തെ തടവ് ശിക്ഷയും 8500 രൂപ പിഴയുമാണ് ഉത്തർപ്രദേശിലെ കോടതി വിധിച്ചത്. രാജ് ബബ്ബർ സർക്കാർ ഉദ്യോഗസ്ഥന്‍റെ ജോലി തടസ്സപ്പെടുത്തിയെന്നും ആക്രമിച്ചെന്നും തെളിഞ്ഞതായി കോടതി പറഞ്ഞു.
1996 മെയ് രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് സമാജ്‍വാദി പാർട്ടിയിലായിരുന്ന രാജ് ബബ്ബർ ലക്നൗവിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിനിടെ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പിന്നാലെ വസീർഗഞ്ച് പൊലീസ് സ്റ്റേഷനിൽ പോളിങ് ഓഫീസർ പരാതി നൽകുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 143, 332, 353, 323, 504, 188 വകുപ്പുകൾ ചുമത്തി. ജനപ്രാതിനിധ്യ നിയമത്തിന് പുറമെ ക്രിമിനൽ നിയമ ഭേദഗതി നിയമവും ഉൾപ്പെടുത്തിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നു.80കളിൽ ബോളിവുഡിൽ നിറഞ്ഞുനിന്ന നടനായിരുന്നു രാജ് ബബ്ബർ. 1989ൽ ജനതാദൾ പാർട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. പിന്നീട് സമാജ്‍വാദി പാർട്ടിയിൽ ചേർന്നു. മൂന്നു തവണ എം.പിയായിട്ടുണ്ട്. 2008ലാണ് കോൺഗ്രസിൽ ചേരുന്നത്.