യു.പി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഇടക്കാലജാമ്യം

യു.പി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഇടക്കാലജാമ്യം. സുപ്രിംകോടതിയാണ് ജാമ്യം അനുവദിച്ചത്. ട്വീറ്റിലൂടെ മതവികാരം വ്രണപ്പെടുത്തി എന്നാണ് കേസ്. അഞ്ചു ദിവസത്തെ ഇടക്കാലജാമ്യമാണ് സുബൈറിന് അനുവദിച്ചത്. ഡൽഹി പൊലീസിന്‍റെ കസ്റ്റഡിയിലുള്ള സുബൈറിന് നിലവിൽ പുറത്തിറങ്ങാനാവില്ല.സുബൈർ രാജ്യത്തെ ദുർബലപ്പെടുത്തുന്ന സിന്‍റിക്കേറ്റിന്‍റെ ഭാഗമാണെന്ന് കേന്ദ്രസർക്കാർ കോടതിയിൽ പറഞ്ഞു. നിരന്തരമായ ട്വീറ്റുകൾ രാജ്യത്തെ ദുർബലപ്പെടുത്തുന്നതിന്‍റെ ഭാഗമാണ്.
സുബൈറിന്റെ ട്വീറ്റുകൾ ക്രമസമാധാനത്തിന് ഭംഗം ഉണ്ടാക്കി. പുറമേ നിന്നുള്ള സാന്പത്തിക ഇടപാടും റിമാൻഡ് ചെയ്യാൻ കാരണമായെന്ന് ആറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. യുപി പോലീസ് സുബൈറിനെതിരെ എടുത്ത എഫ്.ഐ.ആർ റദ്ദാക്കരുതെന്നു കേന്ദ്രസർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഡൽഹി വിട്ട് പുറത്തുപോകരുത്, ട്വീറ്റ് ചെയ്യരുത് തുടങ്ങിയ ഉപാധികളോടെയാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. 2018ലെ ട്വീറ്റിന്‍റെ പേരിലാണ് മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തി സുബൈറിനെ അറസ്റ്റ് ചെയ്തത്.