ജാര്‍ഖണ്ഡില്‍ നാല് ഉപതെരഞ്ഞെടുപ്പുകള്‍; നാലിലും വിജയം നേടി കോണ്‍ഗ്രസ് ഉള്‍പ്പെട്ട ഭരണസഖ്യം

ജാര്‍ഖണ്ഡിലെ മന്ദര്‍ നിയോജക മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശില്‍പി നേഹ വിജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി ഗംഗോത്രി കുജുറിനെ പരാജയപ്പെടുത്തി വിജയിച്ചതോടെ ശില്‍പി നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയായി. സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി നാലാം തവണയാണ് കോണ്‍ഗ്രസ് ഉള്‍പ്പെട്ട ഭരണമുന്നണി വിജയിക്കുന്നത്.
ശില്‍പിയുടെ വിജയത്തോടെ നിയമസഭയില്‍ കോണ്‍ഗ്രസിന് അഞ്ച് വനിതാ എംഎല്‍എമാരായി. മണ്ഡലത്തിലെ എംഎല്‍എയായിരുന്ന ബന്ധു ടിര്‍ക്കിയെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഭരണമുന്നണിയുടെ പിന്തുണയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശില്‍പി 95,486 വോട്ടുകള്‍ നേടി.
കുജുര്‍ 71,796 വോട്ടുകള്‍ നേടി. അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മിന്റെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി ദേവ് കുമാര്‍ ധന്‍ മൂന്നാം സ്ഥാനത്താണ്. 22,424 വോട്ടുകളാണ് ധന്‍ നേടിയത്. 2019ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ധന്‍.
ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി നില്‍ക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് അറിയാവുന്ന ജനങ്ങള്‍ തനിക്ക് വേണ്ടി വോട്ട് ചെയ്‌തെന്ന് ശില്‍പി പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്വം താനേറ്റെടുക്കുന്നു. എന്നാല്‍ 2024ലെ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്നും കുജുര്‍ പറഞ്ഞു.