ഗോവയ്ക്ക് പിന്നാലെ ത്രിപുരയിലും രക്ഷയില്ലാതെ തൃണമൂല്‍ കോണ്‍ഗ്രസ്; എല്ലാ സ്ഥാനാര്‍ത്ഥികളുടെയും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു

ത്രിപുരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ സംസ്ഥാനത്തെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാവി ചോദ്യചിഹ്നമായി മാറി. സംസ്ഥാനത്ത് സിപിഐഎമ്മിനെയും കോണ്‍ഗ്രസിനെയും മറികടന്ന് ബിജെപിക്കെതിരെ പ്രധാന പ്രതിപക്ഷ കക്ഷിയായി മാറുമെന്ന് അവകാശപ്പെട്ടെത്തിയ തൃണമൂല്‍ കോണ്‍ഗ്രസിന് അത് പക്ഷെ ബാലറ്റില്‍ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞില്ല.
നാല് മണ്ഡലങ്ങളിലേക്കാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഈ നാല് മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിച്ചിരുന്നു. ഈ നാല് സീറ്റുകളിലും നാലാം സ്ഥാനമാണ് തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിച്ചത്.
അഗര്‍ത്തല, ടൗണ്‍ ബര്‍ദോവാലി മണ്ഡലങ്ങളില്‍ ആയിരം വോട്ട് പോലും നേടാന്‍ തൃണമൂലിന് കഴിഞ്ഞില്ല. നാല് മണ്ഡലങ്ങളിലും തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു.
ഗോവ നിയമസഭ തെരഞ്ഞെടുപ്പിലും സമാനമായ അനുഭവമാണ് തൃണമൂലിന് ഉണ്ടായത്. അവിടെയും മുഖ്യപ്രതിപക്ഷമാവുമെന്ന് അവകാശപ്പെട്ടെങ്കിലും ഒരു എംഎല്‍എ സ്ഥാനം പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല.
'ഈ നാല് മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍ തങ്ങളെ മുഖ്യപ്രതിപക്ഷമായി പോലും പരിഗണിക്കുന്നില്ല എന്നത് വ്യക്തമാണ്', പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത പശ്ചിമ ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഐഎഎന്‍എസിനോട് പറഞ്ഞു. ഇത് വളരെ നേരത്തെയുള്ള ഇടപെടലാണ്. തങ്ങളുടെ യഥാര്‍ത്ഥ പ്രകടനം വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കാഴ്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിന് പുറത്തേക്ക് കടന്ന് ദേശീയ പാര്‍ട്ടിയാവാനുള്ള ശ്രമങ്ങളാണ് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്നത്. പക്ഷെ ആ ശ്രമങ്ങളെ തടസപ്പെടുത്തുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്ത് വരുന്നത്.