സോണിയ ഗാന്ധി ആശുപത്രി വിട്ടു

ന്യൂഡൽഹി: കോവിഡിനെ തുടർന്നു ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിവിട്ടു. ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലായിരുന്നു സോണിയ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇന്ന് ഉച്ചയോടെയാണ് സോണിയ ആശുപത്രിയിൽനിന്നും വീട്ടിലേക്ക് മടങ്ങിയത്.
സോണിയ ഗാന്ധി വസതിയിൽ വിശ്രമം തുടരുമെന്ന് കോണ്‍ഗ്രസ് പ്രചാരണവിഭാഗം ചുമതയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററിലൂടെ അറിയിച്ചു. രണ്ടാം തവണയും കോവിഡ് സ്ഥിരീകരിച്ച സോണിയ ഗാന്ധിയെ ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്നാണ് ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ജൂണ്‍ 12നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അതേസമയം നാഷണൽ ഹെറാൾഡ് കേസിൽ ജൂൺ 23നാണ് സോണിയ ഗാന്ധിയോട് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.