വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു


വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. 135 രൂപയാണ് കുറച്ചത്. ഇന്ന് മുതൽ വിലക്കുറവ് പ്രാബല്യത്തിലാകും. ഹോട്ടലുകൾക്ക് ഉൾപ്പെടെ ആശ്വാസം നൽകുന്നതാണ് നടപടി.

പുതിയ വില അനുസരിച്ച് 19 കിലോയുടെ വാണിജ്യ സിലിണ്ടറുകൾക്ക് ഡൽഹിയിൽ വില 2219 രൂപയായി കുറയും. കൊൽക്കത്തയിൽ 2322, മുംബൈയിൽ 2171.50, ചെന്നൈയിൽ 2373 എന്നിങ്ങനെയാകും പുതിയ നിരക്കുകൾ.

കൊച്ചിയിൽ പുതിയ നിരക്ക് അനുസരിച്ച് വില 2223.50 രൂപയായി കുറയും. നേരത്തെ 2357.50 ആയിരുന്നു വില. ഇക്കൊല്ലം ജനുവരിയിൽ വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 102.50 രൂപ കുറച്ചിരുന്നു. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ വിലയിൽ വർദ്ധന ഉണ്ടായെങ്കിലും പുതിയ തീരുമാനം ഹോട്ടൽ വ്യവസായ മേഖലയ്‌ക്ക് ഉൾപ്പെടെ ആശ്വാസമാകും.

വാണിജ്യ സിലിണ്ടറുകളുടെ വില കുറയ്‌ക്കണമെന്ന് ഹോട്ടൽ വ്യാപാരികൾ നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു. നേരത്തെ ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് സർക്കാർ 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ പരിധിയിൽ വരുന്ന ഉപഭോക്താക്കൾക്കായിരുന്നു ഈ ആനുകൂല്യം ലഭിക്കുക.

You might also like

Most Viewed