ജഡ്ജിമാർ വിദേശത്ത് പോകുമ്പോൾ സർക്കാർ അനുമതി വാങ്ങണമെന്ന ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി

സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർ സ്വകാര്യ സന്ദർശനത്തിന് വിദേശത്ത് പോകുമ്പോൾ സർക്കാർ അനുമതി വാങ്ങണമെന്ന ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവാണ് റദ്ദാക്കിയത്.
ജസ്റ്റിസുമാരായ രാജീവ് ശക്‌ദേർ, ജാസ്മീത് സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് വിദേശകാര്യ മന്ത്രാലയം 2021− ൽ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കിയത്. ജഡ്ജിമാർക്ക് വിദേശ സന്ദർശനത്തിനിടയിൽ അടിയന്തര സഹായം ആവശ്യമായി വരുമ്പോൾ അത് ലഭ്യമാക്കാനാണ് നിബന്ധന വച്ചത് എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്.
സർക്കാർ വെച്ചിരുന്ന ഈ നിബന്ധന സ്വകാര്യതയിലേക്കുളള കടന്ന് കയറ്റത്തിന് പുറമെ ജഡ്ജിമാർ വഹിക്കുന്ന പദവിയെ ഇകഴ്ത്തുന്നത് കൂടിയാണെന്ന് ആരോപിച്ച് അമൻ വച്ചാർ നൽകിയ ഹർജിയിലാണ് ഡൽഹി കോടതി ഉത്തരവ്.