അമേരിക്കയുടെ എതിർപ്പ് മറികടന്ന് റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങി ഇന്ത്യ


അമേരിക്കയുടെ എതിർപ്പ് മറികടന്ന് റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങി ഇന്ത്യ. ധനമന്ത്രി നിർമല സീതാരാമനാണ് വിവരം അറിയിച്ചത്. നാൽ ദിവസത്തേക്കുള്ള ഇന്ധനമാണ് വാങ്ങിയതെന്നും ക്രൂഡോയിൽ വാങ്ങുന്നത് തുടരുമെന്നും ധനമന്ത്രി അറിയിച്ചു. റഷ്യൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തിയിരിക്കേ റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങരുതെന്ന് യു.എസ് മുന്നറിയിപ്പ് നൽകിയിരുന്നു. അങ്ങനെ ചെയ്താൽ വലിയ ബുദ്ധിമുട്ടിലേക്ക് നീങ്ങുമെന്ന ഭീഷണിയും അവർ ഉയർത്തിയിരുന്നു. എന്നാൽ എന്ത് നടപടിയാണെന്ന് വ്യക്തമാക്കിയിട്ടില്ല. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധമേർപ്പെടുത്താനാണ് യു.എസ് നീക്കമെന്ന് വാർത്തകളുണ്ട്. മുൻവർഷങ്ങളിലേത് പോലെ റഷ്യയിൽ നിന്ന് വിലക്കിഴിവിൽ ഇന്ത്യ എണ്ണ വാങ്ങുന്നതിൽ യുഎസിന് വിരോധമില്ലെന്നും എന്നാൽ അത് വൻതോതിൽ വർധിപ്പിക്കരുതെന്നാണ് അവരുടെ നിലപാടെന്നുമാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നത്. 

തങ്ങൾക്ക് മേൽ അന്താരാഷ്ട്ര സമൂഹം പ്രഖ്യാപിച്ച ഉപരോധത്തെ മറികടക്കാൻ ഇന്ത്യക്ക് വമ്പൻ ഡിസ്‌കൗണ്ടിൽ അസംസ്‌കൃത എണ്ണ റഷ്യ വാഗ്ദാനം ചെയ്തിരുന്നു. യുക്രൈനിലെ റഷ്യൻ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പുള്ള വിലയിൽ ക്രൂഡ് ഓയിൽ നൽകാമെന്നാണ് മോസ്‌കോ അറിയിച്ചിരുന്നത്. ബാരൽ ഒന്നിന് 30−35 ഡോളർ ഡിസ്‌കൗണ്ടിൽ എണ്ണ നൽകാമെന്നാണ് റഷ്യയുടെ വാഗ്ദാനമെന്ന് ഫൈനാൻഷ്യൽ എക്‌സ്പ്രസ് റിപ്പോർട്ടു ചെയ്തിരുന്നു. യുക്രൈനിൽ ഫെബ്രുവരി 23ന് റഷ്യൻ ആക്രമണം ആരംഭിക്കുന്ന വേളയിൽ 97 യുഎസ് ഡോളറായിരുന്നു അസംസ്‌കൃത എണ്ണയുടെ വില. വില 14 വർഷത്തെ ഉയർന്ന നിരക്കായ 139 ഡോളർ വരെ ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്ത്യയിലും ഇന്ധന വില കുതിച്ചുയർന്നു. തെരഞ്ഞെടുപ്പ് കാലത്ത് മരവിപ്പു നിർ‍ത്തിയ പെട്രോൾ‍−ഡീസൽ‍ വില, മാർച്ച് 22 മുതൽ ഒമ്പതു തവണയാണ് വർധിപ്പിച്ചത്.   

You might also like

  • Lulu Exchange
  • Straight Forward

Most Viewed