മിനിമം ബാലൻസ് പിഴ: മൂന്ന് വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾ ഈടാക്കിയത് 8092 കോടി രൂപ
ശാരിക l ദേശീയം
ന്യൂഡൽഹി: സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് പിഴയായി ഈടാക്കിയത് കോടികൾ. 2022-23 മുതൽ 2024-25 വരെയുള്ള മൂന്ന് സാമ്പത്തിക വർഷങ്ങളിലായി 8092.83 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകൾ ഈ ഇനത്തിൽ മാത്രം അക്കൗണ്ട് ഉടമകളിൽ നിന്ന് സമാഹരിച്ചത്. ഈ പിഴത്തുകകൾ മൊത്തമായി എഴുതിത്തള്ളാൻ ബാങ്കുകൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്‌സഭയിൽ വ്യക്തമാക്കി. പിഴത്തുക ഈടാക്കുന്നത് സംബന്ധിച്ച് ബാങ്കുകൾക്ക് പൊതുവായ നിർദ്ദേശങ്ങൾ നൽകിയിട്ടില്ലെങ്കിലും പല ബാങ്കുകളും സ്വമേധയാ ഈ ചാർജുകൾ ഒഴിവാക്കുകയോ പരിഷ്കരിക്കുകയോ ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിനുണ്ടാകുന്ന ചെലവ് നികത്തുന്നതിനാണ് ഈ തുക വിനിയോഗിക്കുന്നത്. പിഴ ഈടാക്കി ലാഭമുണ്ടാക്കുക എന്നതല്ല ബാങ്കുകളുടെ ലക്ഷ്യമെന്നും സർക്കാർ വിശദീകരിച്ചു. പ്രധാനമന്ത്രി ജൻ ധൻ യോജന അക്കൗണ്ടുകൾ, ബേസിക് സേവിംഗ്‌സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ടുകൾ എന്നിവയുൾപ്പെടെ ഏകദേശം 72 കോടി അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് പിഴ നൽകേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
sdfs


