ശ്രീലങ്കയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

സാന്പത്തികപ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. രാജ്യത്ത് പ്രസിഡന്‍റ് ഗോതാബയ രാജപക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. രാജപക്സെയുടെ രാജിയാവശ്യപ്പെട്ട് ജനം തെരുവിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് നടപടി. പ്രസിഡന്‍റിന്‍റെ വസതിക്ക് മുന്നിലടക്കം കഴിഞ്ഞ ദിവസം വ്യാപക പ്രതിഷേധങ്ങളും സംഘർഷങ്ങളും അരങ്ങേറിയിരുന്നു. പ്രതിഷേധത്തിൽ അഞ്ചു പോലീസുകാരുൾപ്പെടെ നിരവധിപ്പേർക്കു പരിക്കേറ്റു. ഒരു പോലീസ് ബസും ഒരു ജീപ്പും രണ്ട് മോട്ടോർസൈക്കിളും പ്രക്ഷോഭകർ അഗ്നിക്കിരയാക്കി. രാജപക്സെയുടെ ഭരണവീഴ്ചയാണു സാന്പത്തിക പ്രതിസന്ധിയിലേക്കു നയിച്ചതെന്നു പ്രക്ഷോഭകർ കുറ്റപ്പെടുത്തുന്നത്. പ്രസിഡന്‍റ് രാജിവയ്ക്കണമെന്നാണു പ്രക്ഷോഭകരുടെ ആവശ്യം. സംഭവത്തിൽ അ ന്പതിലധികം പേരെ അറസ്റ്റ് ചെയ്ത പോലീസ് കൊളംബോ നഗരത്തിലും പരിസരപ്രദേശങ്ങളിലും കർഫ്യൂ പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവുംവലിയ സാന്പത്തിക പ്രതിസന്ധിയെയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. ഇന്ധനത്തിനും പാചകവാതകത്തിനും അവശ്യവസ്തുക്കൾക്കും മണിക്കൂറുകൾ നീണ്ട നിരയാണ് തെരുവുകളിലെല്ലാം. വൈദ്യുതി നിയന്ത്രണം 13 മണിക്കൂറിലേറെയാണ്. ആശുപത്രികളിൽ അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെ മുടങ്ങിയിരിക്കുകയാണ്. പവർകട്ട് രാജ്യത്തെ സമസ്ത മേഖലകളെയും സ്തംഭിപ്പിച്ചുകഴിഞ്ഞു. അതേസമയം സർക്കാരിന്‍റെ വീഴ്ചകളല്ല മറിച്ച് കോവിഡിനെത്തുടർന്നുള്ള മാന്ദ്യമാണ് പ്രശ്നകാരണമെന്നാണ് രാജപക്സെയുടെ ന്യായം. പ്രസിഡന്‍റിന്‍റെ വസതിക്കു സമീപം നടന്ന അക്രമങ്ങൾ ഭീകരപ്രവർത്തനമാണെന്നും പ്രതിപക്ഷകക്ഷികളുമായി ബന്ധമുള്ള വിധ്വംസക ശക്തികളാണിതിനു പിന്നിലെന്നും ശ്രീലങ്കൻ സർക്കാർ പറയുന്നു.