ഓസ്കർ വേദിയിൽ അവതാരകന്‍റെ മുഖത്തടിച്ച സംഭവം; അക്കാദമിയിൽ നിന്ന് വിൽ സ്മിത്ത് രാജിവച്ചു

അക്കാദമി ഓഫ് മോഷൻ പിക്ചർ ആൻഡ് ആർട്ടിൽ നിന്ന് നടൻ വിൽ സ്മിത്ത് രാജിവച്ചു. ഓസ്കർ വേദിയിൽ അവതാരകന്‍റെ മുഖത്തടിച്ചതിൽ ഖേദം പ്രകടിപ്പിച്ചാണ് രാജി. അക്കാദമി അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായില്ല. ഓസ്കർ വേദിയിലെ തന്‍റെ പെരുമാറ്റം മാപ്പർഹിക്കാത്തതെന്നും ഏതു ശിക്ഷാവിധിയും സ്വീകരിക്കാൻ സന്നദ്ധനെന്നും സ്മിത്ത് അറിയിച്ചു. അവതാരകനെ തല്ലിയ സംഭവത്തിൽ ഓസ്കർ അക്കാദമി അച്ചടക്ക നടപടി ചർച്ച ചെയ്യാൻ യോഗം ചേരാനിരിക്കേയാണ് വിൽ സ്മിത്തിന്‍റെ രാജി. രാജി സ്വീകരിച്ചതായി അക്കാദമി അധ്യക്ഷൻ ഡേവിഡ് റൂബിൻ അറിയിച്ചു. ഇത്തവണത്തെ ഓസ്‍കർ വേദിയിലായിരുന്നു ലോകശ്രദ്ധ നേടിയ നാടകീയ സംഭവങ്ങൾ നടന്നത്. വിൽസ് സ്മിത്തിന്‍റെ ഭാര്യ ജാദാ പിൻകെറ്റിന്‍റെ മുടി കൊഴിയുന്ന രോഗാവസ്ഥയെ സൂചിപ്പിച്ച് അവതാരകനായ ക്രിസ് റോക്ക് പറഞ്ഞ തമാശയിൽ നിയന്ത്രണം നഷ്‍ടപ്പെട്ട സ്‍മിത്ത് വേദിയിലേക്കു കയറിച്ചെന്ന് അദ്ദേഹത്തിന്‍റെ മുഖത്തടിക്കുകയായിരുന്നു.
നാടകീയ സംഭവങ്ങൾക്ക് പിന്നാലെയാണ് വിൽ സ്മിത്തിനെ മികച്ച നടനായി തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. പുരസ്‍കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ തന്നെ തന്‍റെ പെരുമാറ്റത്തിനു സ്മിത്ത് മാപ്പ് ചോദിച്ചിരുന്നു. പിന്നാലെ തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഒരു വിശദമായ കുറിപ്പും അദ്ദേഹം പുറത്തിറക്കിയിരുന്നു. വലിയ വിവാദങ്ങൾക്കാണ് വിൽ സ്മിത്തിന്‍റെ ആക്രമണം വഴിവച്ചത്. ബോഡി ഷെയിമിംഗിനേറ്റ അടിയാണ് ഇതെന്നു പ്രതികരിച്ചു കൊണ്ട് ഒരു വിഭാഗം വിൽ സ്മിത്തിനെ അനുകൂലിച്ചു. അതേസമയം, അതിക്രമത്തിനെതിരെയും നിരവധി പേർ രംഗത്തെത്തി.