വിവാദ നിയമമായ അഫ്സ്പ ഭാഗികമായി പിൻവലിക്കുമെന്നു കേന്ദ്രം
നാഗാലാൻഡ്, ആസാം, മണിപ്പൂർ എന്നിവിടങ്ങളിലെ വിവാദ നിയമമായ അഫ്സ്പ(AFSPA) ഭാഗികമായി പിൻവലിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർണായക പ്രഖ്യാപനം. സായുധ സേനയ്ക്കു പ്രത്യേക അധികാരം നൽകുന്ന നിയമമാണ് അഫ്സ്പ (Armed Forces Special Powers Act). പതിറ്റാണ്ടുകളായി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ആവശ്യമായിരുന്നു കടുത്ത വ്യവസ്ഥകളുള്ള ഈ നിയമം പിൻവലിക്കുക എന്നത്. നിരവധി സമരങ്ങളും ഇതിന്‍റെ പേരിൽ നടന്നിരുന്നു. ആസാമിലെ 23 ജില്ലകളിൽനിന്നു പൂർണമായും ഒരു ജില്ലയിൽനിന്നു ഭാഗികമായും അഫ്സ്പ പിൻവലിച്ചു. മണിപ്പൂരിലെ ആറു ജില്ലകളിലെ 15 പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നും നാഗാലാൻഡിലെ ഏഴ് ജില്ലകളിലെ 15 പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നും നിയമം പിൻവലിച്ചിട്ടുണ്ട്. വടക്കു കിഴക്കൻ മേഖലകളിലെ കലാപവും മറ്റും അവസാനിപ്പിച്ചുശാശ്വത സമാധാനവും സുരക്ഷിതത്വവും വികസനവും കൊണ്ടുവരുന്നതിന്‍റെ നാന്ദിയായിട്ടാണ് നിയമം ബാധകമായ പ്രദേശങ്ങളിൽ ഇളവു വരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, കലാപബാധിത പ്രദേശമായ മൂന്നു സംസ്ഥാനങ്ങളിൽനിന്ന് അഫ്സ്പ പൂർണമായും പിൻവലിച്ചിട്ടില്ല. ചില മേഖലകളിൽ അതു പ്രാബല്യത്തിൽ തുടരുമെന്നാണ് റിപ്പോർട്ട്. മുൻകൂർ വാറന്‍റില്ലാതെ എവിടെയും റെയ്ഡ് നടത്താനും ആരെയും അറസ്റ്റ് ചെയ്യാനും സുരക്ഷാ സേനയെ അധികാരപ്പെടുത്തിയിരുന്ന നിയമമാണ് അഫ്സ്പ. സുരക്ഷാ സേന നടത്തുന്ന എല്ലാ ഇടപെടലുകളും ചോദ്യം ചെയ്യാനാവാത്ത സാഹചര്യമായിരുന്നു ഇതുമൂലം ഉണ്ടായിരുന്നത്. കലാപത്തെ നേരിടാൻ സുരക്ഷാ സേനയെ സഹായിക്കാനാണ് നിയമം കൊണ്ടുവന്നത്. സുരക്ഷാസേനയ്ക്കെതിരേ നിയമ നടപടികൾ എടുക്കുന്നതിനെ ഈ നിയമം പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ മനുഷ്യാവകാശ സംഘടനകൾ അടക്കം ഈ നിയമത്തിനെതിരേ കടുത്ത വിമർശനം ഉയർത്തിയിരുന്നു.
