പാമ്പൻ‍ പാലം ചരിത്രസ്മാരകമാക്കും, സമാന്തരമായി പുതിയ പാലം ഉടൻ


സ‍ഞ്ചാരികളിൽ‍ എക്കാലവും കൗതുകമുണർ‍ത്തുന്നതാണ് പാമ്പൻ പാലം. തമിഴ്നാട് രാമേശ്വരത്തെ 108 വർ‍ഷം പഴക്കമുള്ള പാമ്പൻ പാലം ഇനി ചരിത്രസ്മാരകമാകുകയാണ്.

പുതിയ റെയിൽ‍പ്പാലത്തിന്റെ പണി ഉടൻ പൂർ‍ത്തിയാവും. കപ്പലുകൾ‍ക്ക് സഞ്ചരിക്കാനായി വെർ‍ട്ടിക്കൽ‍ സംവിധാനത്തോടെയാണ് പുതിയ പാലം ഒരുങ്ങുന്നത്. രാജ്യത്ത് ആദ്യമായാണ് വെർ‍ട്ടിക്കൽ‍ സംവിധാനത്തോടെ ഒരു പാലം നിർ‍മ്മിക്കുന്നത്. പാലത്തിന്റെ മധ്യഭാഗം പൂർ‍ണമായും ഉയർ‍ത്തികൊണ്ട് കപ്പലുകൾ‍ക്ക് കടന്നുപോകാനുള്ള വഴിയൊരുക്കുന്നതാണ് സംവിധാനം.

നിലവിൽ‍ പാലത്തിന്റെ മധ്യഭാഗം കപ്പലുകൾ‍ക്ക് പോകാനായി ഇരുവശത്തേക്കും ചെരിഞ്ഞു പൊങ്ങുന്ന സംവിധാനമാണ് ഉളളത്. വെർ‍ട്ടിക്കൽ‍ ലിഫ്റ്റിങ് സംവിധാനം വരുമ്ബോൾ‍ പാലത്തിന്റെ മധ്യഭാഗം ചെരിയാതെ പാളത്തിന് സമാന്തരമായി കുത്തനെ മുകളിലേക്കുയരുകയാണ് ചെയ്യുക. പഴയ പാലത്തിലെ കപ്പൽ‍ചാലിന് 22 മീറ്റർ‍ വീതിയായിരുന്നു ഉള്ളതെങ്കിൽ‍ പുതിയ പാലത്തിന് 63 മീറ്ററാണ് ഉള്ളത്. വശങ്ങളിലെ സെൻസറുകൾ‍ ഉപയോഗിച്ച്‌ കപ്പലെത്തുന്ന കാര്യം മനസിലാക്കാൻ കഴിയും.

കാലപ്പഴക്കം കാരണം അറ്റകുറ്റപ്പണി അസാധ്യമായ സാഹചര്യത്തിലാണ് സമാന്തരമായി പുതിയ പാലം നിർ‍മിക്കാന്‍ റെയിൽ‍വേ തീരുമാനിച്ചത്. 2019ൽ‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാലത്തിന് തറക്കല്ലിട്ടു. 250 കോടി രൂപയാണ് പുതിയ പാലത്തിന്റെ ചെലവ്. പുതിയ പാലം തുറന്നാലും പഴയ പാമ്പൻ ‍പാലം പൂർ‍ണമായും പൊളിച്ച്‌ മാറ്റില്ല. ഇതിന്റെ ഒരു ഭാഗം പാമ്പൻ‍ റയിൽ‍വേ സ്റ്റേഷനിൽ‍ ചരിത്ര സ്മാരകമായി പ്രദർ‍ശിപ്പിക്കും .

രാജ്യത്തെ എൻജിനീയറിങ് വിസ്മയങ്ങളിലൊന്നാണ് പാമ്പൻ പാലം. ബ്രിട്ടീഷുകാരാണ് 1914ൽ‍ ആണ് രാമനാഥപുരവുമായി പാമ്പനെ ബന്ധിപ്പിക്കുന്ന റെയിൽ‍പ്പാലം നിർ‍മിക്കുന്നത്. 1964ലെ ചുഴലിക്കാറ്റിൽ‍ പാലത്തിനും കേടുപാടുകൾ‍ സംഭവിച്ചു. മീറ്റർ‍ ഗേജായിരുന്ന പാമ്പൻ‍പാലം ബ്രോഡ്ഗേജ് ആവുന്നത് 2007ലാണ്. റെയിൽ‍വേ ട്രാക്കിന് സമാന്തരമായി 1988ൽ‍ ആണ് റോഡ് പാലം പണിപൂർ‍ത്തിയാവുന്നത്.

You might also like

  • Straight Forward

Most Viewed