ഒന്പതാം ക്ലാസുകാരൻ ഓടിച്ച കാർ റോഡരികിലെ കുടിലിലേക്ക് പാഞ്ഞുകയറി നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം


ഒന്പതാം ക്ലാസുകാരൻ ഓടിച്ച കാർ റോഡരികിലെ കുടിലിലേക്ക് പാഞ്ഞുകയറി നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ കരിംനഗറിൽ ഞായറാഴ്ചയാണ് അപകടം നടന്നത്. കാറോടിച്ച വിദ്യാർഥിയുടെ പിതാവിനെ അറസ്റ്റുചെയ്ത പോലീസ് അദ്ദേഹത്തിനെതിരെ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കുടിലുകൾ ഇടിച്ച് തെറിപ്പിച്ച ശേഷം കാർ ഡ്രൈനേജ് കനാലിലേക്ക് വീണു. മൂന്ന് സ്ത്രീകൾ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിൽ വെച്ചും മരണപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫരിയാദ്, സുനിത, ലളിത, ജ്യോതി എന്നിവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. വാഹനം ഓടിച്ചയാൾ അപകടം നടന്ന ഉടൻ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു.

തുടർന്ന് പോലീസ് നടത്തിയഅന്വേഷണത്തിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.ഇയാളുടെ പിതാവിനെയും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളെയും പോലീസ് അറസ്റ്റു ചെയ്തു.

പ്രായപൂർത്തിയാവാത്ത വിദ്യാർഥി കാറ് ഓടിക്കുന്ന വിവരം ബിസിനസുകാരനായ പിതാവിന് അറിവുണ്ടായിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇയാൾക്കെതിരെ നരഹത്യ കുറ്റം ചുമത്തുമെന്നും പോലീസ് പറഞ്ഞു.

You might also like

Most Viewed