ബുഷെഹർ ആണവനിലയത്തിന് നേരെ ആക്രമണം; റേഡിയേഷൻ ഭീഷണിയില്ലെന്ന് ഐഎഇഎ
പ്രദീപ് പുറവങ്കര
ടെഹ്‌റാൻ: ഇറാാനിലെ ബുഷെഹർ ആണവനിലയത്തിന് നേരെ ഇന്നലെ വൈകിട്ട് മിസൈൽ ആക്രമണമുണ്ടായതായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) സ്ഥിരീകരിച്ചു. എന്നാൽ നിലയത്തിന് കാര്യമായ നാശനഷ്ടങ്ങളോ ജീവനക്കാർക്ക് പരിക്കോ സംഭവിച്ചിട്ടില്ലെന്ന് ഏജൻസി വ്യക്തമാക്കി. ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീമും നിലയത്തിന് സമീപം ഷെൽ പതിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണത്തെ റഷ്യൻ സർക്കാർ സ്ഥാപനമായ റോസാറ്റം ശക്തമായി അപലപിച്ചു. നിലയത്തിലെ മെഷർമെൻ്റ് സർവീസ് കെട്ടിടത്തിന് സമീപമാണ് മിസൈൽ പതിച്ചതെന്ന് റോസാറ്റം പ്രസിഡന്റ് അലക്സി ലിഖാചേവ് അറിയിച്ചു. മേഖലയിലെ സംഘർഷാവസ്ഥ ലഘൂകരിക്കാൻ എല്ലാ കക്ഷികളും അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
1970-കളിൽ ജർമ്മൻ കമ്പനി ആരംഭിച്ച് പിന്നീട് റഷ്യ പൂർത്തിയാക്കിയ ഈ ആണവനിലയത്തിലെ റേഡിയേഷൻ നില നിലവിൽ സാധാരണ നിലയിലാണെന്ന് അധികൃതർ വ്യക്തമാക്കി. പ്രവർത്തനക്ഷമമായ പവർ യൂണിറ്റിന് തൊട്ടടുത്താണ് ആക്രമണം നടന്നതെങ്കിലും വലിയൊരു ദുരന്തം ഒഴിവായത് ആശ്വാസകരമായി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുരക്ഷാ പരിശോധനകൾ തുടരുകയാണെന്നും ഐഎഇഎ അറിയിച്ചു.
ftgh



