ആക്രമണം കടുപ്പിക്കാൻ അമേരിക്ക; കൂറ്റൻ യുദ്ധക്കപ്പൽ പശ്ചിമേഷ്യയിലേക്ക്
പ്രദീപ് പുറവങ്കര
വാഷിംഗ്ടൺ/സിംഗപ്പൂർ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, ആയിരക്കണക്കിന് സൈനികരുമായി അമേരിക്കയുടെ കൂറ്റൻ യുദ്ധക്കപ്പൽ മേഖലയിലേക്ക് തിരിച്ചു. അത്യാധുനിക യുദ്ധവിമാനങ്ങളും മിസൈലുകളും വഹിക്കാൻ ശേഷിയുള്ള 'യുഎസ്എസ് ട്രിപ്പോളി' (USS Tripoli) ചൊവ്വാഴ്ച സിംഗപ്പൂർ തീരത്തെ മലായ് കടലിടുക്കിന് സമീപമെത്തിയതായി മാരിടൈം ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു.
ഒക്കിനാവ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുപ്പത്തിയൊന്നാമത് മറൈൻ എക്സ്‌പെഡിഷണറി യൂണിറ്റിലെ 2,200-ഓളം വരുന്ന ദ്രുതകർമ്മ സേനാംഗങ്ങളാണ് കപ്പലിലുള്ളത്. കടലിൽ നിന്നും കരയിലേക്ക് നേരിട്ട് ആക്രമണം നടത്താനും അടിയന്തര ഘട്ടങ്ങളിൽ ഒഴിപ്പിക്കൽ നടപടികൾ ഏകോപിപ്പിക്കാനും ഇവർക്ക് സാധിക്കും. പെൻ്റഗണിന്റെ പ്രത്യേക ഉത്തരവിനെത്തുടർന്നാണ് ഈ നീക്കം. സുരക്ഷാ കാരണങ്ങളാൽ കപ്പൽ വിന്യസിക്കുന്ന കൃത്യമായ സ്ഥലമോ ലക്ഷ്യമോ അമേരിക്ക വെളിപ്പെടുത്തിയിട്ടില്ല.
ഏകദേശം 850 അടി നീളവും 45,000 ടൺ ഭാരവുമുള്ള യുഎസ്എസ് ട്രിപ്പോളി ഒരു ചെറിയ വിമാനവാഹിനിക്കപ്പലിന് സമാനമായാണ് പ്രവർത്തിക്കുന്നത്. എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ വിമാനങ്ങൾ, ഓസ്പ്രേ വിമാനങ്ങൾ, സൈനികരെ കരയിലെത്തിക്കാനുള്ള ലാൻഡിംഗ് ക്രാഫ്റ്റുകൾ എന്നിവ ഇതിലുണ്ട്. മാർച്ച് 11-ന് ഒക്കിനാവയിൽ നിന്ന് തിരിച്ച കപ്പൽ മണിക്കൂറിൽ 22 മൈൽ വേഗതയിലാണ് സഞ്ചരിക്കുന്നത്. സാധാരണയായി ഒരു പടക്കപ്പൽ വ്യൂഹത്തിന്റെ അകമ്പടിയോടെയാണ് ഇവ സഞ്ചരിക്കാറുള്ളതെങ്കിലും മറ്റ് കപ്പലുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
adsdsds



