നിയന്ത്രണങ്ങൾ പിൻവലിച്ച് കർണാടക; രാത്രി കർഫ്യൂ ഒഴിവാക്കി, സ്‌കൂളുകൾ തുറക്കും


കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനൊരുങ്ങി കര്‍ണാടക. രാത്രി കര്‍ഫ്യൂ ഒഴിവാക്കാനും സ്‌കൂളുകള്‍ തുറക്കാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. തീരുമാനം ജനുവരി 31 മുതല്‍ പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അധ്യക്ഷനായ യോഗത്തിലാണ് തീരുമാനമെടുത്തത്. തിങ്കളാഴ്ച്ച മുതല്‍ എല്ലാ സ്‌കൂളുകളും തുറന്നു പ്രവര്‍ത്തിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുക. ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകളാണ് തിങ്കളാഴ്ച്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുക. ബംഗളൂരുവിലെ കോളേജുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

കൊവിഡ് മാനദണ്ഡം അനുസരിച്ച് ഹോട്ടലുകള്‍, ബാറുകള്‍, പബ്ബുകള്‍, സിനിമാ തീയേറ്ററുകള്‍ എന്നിവയില്‍ അന്‍പതു ശതമാനം പേര്‍ക്ക് പ്രവേശനം നല്‍കും. പൊതുസ്ഥലത്തെ വിവാഹത്തില്‍ മുന്നൂറോളം പേര്‍ക്കും അടച്ചിട്ട സ്ഥലങ്ങളിലെ വിവാഹത്തില്‍ ഇരുനൂറോളം പേര്‍ക്കും പങ്കെടുക്കാം. ക്ഷേത്രങ്ങളില്‍ പരമാവധി അന്‍പതുപേരെ വരെ അനുവദിക്കും. അന്‍പതുശതമാനം പേരെ അനുവദിച്ചുകൊണ്ട് സ്‌പോര്‍ട്‌സ് കോംപ്ലസുകളും തിങ്കളാഴ്ച്ച മുതല്‍ തുറക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, മഹാരാഷ്ട്ര, ഗോവ, കേരളം എന്നിവിടങ്ങളില്‍ നിന്നും സംസ്ഥാനത്ത് പ്രവേശിക്കുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനും യോഗത്തില്‍ തീരുമാനമായി.

You might also like

Most Viewed