പഞ്ചാബിലുണ്ടായ സുരക്ഷാവീഴ്ചയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിയോട് നേരിട്ട് വിശദീകരിച്ചു

പഞ്ചാബിലുണ്ടായ സുരക്ഷാവീഴ്ചയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് നേരിട്ട് വിശദീകരിച്ചു. സുരക്ഷാ വീഴ്ചയിൽ രാഷ്ട്രപതി ആശങ്കയറിയിച്ചതിന് പിന്നാലെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും 40 മിനിട്ടോളം കൂടിക്കാഴ്ച നടത്തി. സംഭവം ഗൗരവമേറിയതാണെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
അതേസമയം, സുരക്ഷ വീഴ്ചയുണ്ടായ സംഭവത്തിൽ സുപ്രീംകോടതിയിൽ ഹർജിയെത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. വിഷയം ഗൗരവമുള്ളതാണെന്ന് ചീഫ് ജസ്റ്റീസ് എന്‍.വി. രമണ നിരീക്ഷിച്ചു. പഞ്ചാബ് സർക്കാരിന് ഹർജിയുടെ പകർപ്പ് നൽകാനും കോടതി നിർദേശിച്ചു. ഹർജി വെള്ളിയാഴ്ച പരിഗണിക്കും. സുരക്ഷാവീഴ്ചയുണ്ടായ സംഭവത്തിൽ അന്വേഷണത്തിന് ഉന്നതതല സമിതിയെ പഞ്ചാബ് സർക്കാരും നിയോഗിച്ചു. ജസ്റ്റിസ് എം.എസ് ഗിൽ ആണ് സമിതി അധ്യക്ഷൻ. പഞ്ചാബിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴാണ് പ്രധാനമന്ത്രിയെ കർഷകസംഘടനകൾ വഴിയിൽ തടഞ്ഞത്. ഇതേതുടർന്ന് ബതിന്ദയിലെ മേൽപ്പാലത്തിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിട്ടോളം കുടുങ്ങി.