സൗദി വഴി നാട്ടിലേക്ക് മടങ്ങുന്നവർ ശ്രദ്ധിക്കുക; കസ്റ്റംസ് നിയമം ലംഘിച്ചാൽ യാത്ര മുടങ്ങും


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഇറാൻ ആക്രമണങ്ങളെത്തുടർന്ന് ബഹ്‌റൈൻ വ്യോമപാത അടച്ച സാഹചര്യത്തിൽ, സൗദിയിലെ ദമ്മാം വിമാനത്താവളം വഴി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ചാർട്ടേർഡ് വിമാനസംവിധാനം ഒരുക്കുന്ന സംഘടനാ നേതാക്കളും ഗൾഫ് എയർ അധികൃതരും കർശന ജാഗ്രതാനിർദ്ദേശം നൽകി. കിംഗ് ഫഹദ് കോസ്‌വേയിലെ കസ്റ്റംസ് പരിശോധനകളിൽ നിയമലംഘനം കണ്ടെത്തിയാൽ മണിക്കൂറുകളോളം യാത്ര വൈകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. സൗദി അറേബ്യയുടെ പ്രാദേശിക നിയമങ്ങൾ യാത്രക്കാർ കൃത്യമായി പാലിക്കേണ്ടതുണ്ട്.

യാത്രക്കാർ കൈവശം വെക്കുന്ന പണത്തിന്റെയും സ്വർണ്ണത്തിന്റെയും മൂല്യം 30,000 സൗദി റിയാലിൽ (ഏകദേശം 3,000 ബഹ്‌റൈൻ ദിനാർ) കൂടുതലാണെങ്കിൽ അത് മുൻകൂട്ടി വെളിപ്പെടുത്തണം. ഒരാൾക്ക് രണ്ട് ലാപ്ടോപ്പുകളിൽ കൂടുതൽ കൊണ്ടുപോകാൻ അനുവാദമില്ല. മദ്യം, ലഹരി പദാർത്ഥങ്ങൾ, ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയ പെർഫ്യൂമുകൾ എന്നിവയ്ക്ക് കർശന നിരോധനമുണ്ട്. കൂടാതെ വിഗ്രഹങ്ങൾ, നിരോധിത പുസ്തകങ്ങൾ എന്നിവ കൈവശം വെക്കുന്നതും നിയമവിരുദ്ധമാണ്.

ബഹ്‌റൈൻ കേരളീയ സമാജം , നവ് ഭാരത് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ചാർട്ടർ ചെയ്ത ഗൾഫ് എയർ വിമാനങ്ങളിലാണ് നിലവിൽ പ്രവാസികളെ നാട്ടിലെത്തിക്കുന്നത്. ഗർഭിണികൾക്കും പ്രായമായവർക്കും മുൻഗണന നൽകുന്ന ഈ യാത്രയിൽ, ഒരാളുടെ പക്കൽ നിന്ന് നിരോധിത വസ്തുക്കൾ കണ്ടെത്തിയാൽ ആ ബസ്സിലെ മുഴുവൻ യാത്രക്കാരുടെയും യാത്ര തടസ്സപ്പെടുമെന്ന് ബി.കെ.എസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയും നവ് ഭാരത് പ്രസിഡന്റ് രുചി ദുബെയും വ്യക്തമാക്കി. അതിനാൽ വിമാനം പുറപ്പെടുന്ന സമയത്തെ ബാധിക്കാതിരിക്കാൻ എല്ലാവരും നിയമങ്ങൾ പാലിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

article-image

assasasa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed