കോൺഗ്രസ് 95 സീറ്റുകളിൽ മത്സരിക്കും; സ്ഥാനാർത്ഥി നിർണ്ണയം അവസാന ഘട്ടത്തിലെന്ന് വി.ഡി. സതീശൻ
ഷീബ വിജയൻ
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സഖ്യത്തിൽ കോൺഗ്രസ് 95 സീറ്റുകളിൽ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ന്യൂഡൽഹിയിൽ അറിയിച്ചു. ഘടകകക്ഷികളായ മുസ്ലിം ലീഗ് 27 സീറ്റുകളിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗം എട്ട് സീറ്റുകളിലും ആർഎസ്പി അഞ്ച് സീറ്റുകളിലും മത്സരിക്കും. കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളിൽ 55 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ബാക്കിയുള്ള 40 സീറ്റുകളിലെ സ്ഥാനാർത്ഥി നിർണ്ണയം ഇന്ന് തന്നെ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സീറ്റ് വിഭജനത്തിൽ നിർണ്ണായകമായ വിട്ടുവീഴ്ചകളും വച്ചുമാറ്റങ്ങളും ഇത്തവണ ഉണ്ടായിട്ടുണ്ട്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം തങ്ങൾ മത്സരിച്ചിരുന്ന ഇടുക്കി, ഏറ്റുമാനൂർ, തൃക്കരിപ്പൂർ സീറ്റുകൾ കോൺഗ്രസിന് വിട്ടുനൽകുകയും പകരം കാഞ്ഞങ്ങാട് മണ്ഡലം ഏറ്റെടുക്കുകയും ചെയ്തു. സമാനമായ രീതിയിൽ ആർഎസ്പി മട്ടന്നൂർ സീറ്റ് കോൺഗ്രസിന് നൽകി പയ്യന്നൂർ മണ്ഡലം സ്വീകരിച്ചു. എന്നാൽ പയ്യന്നൂരിൽ ആർഎസ്പി സ്ഥാനാർത്ഥിക്ക് പകരം സ്വതന്ത്രനായി മത്സരിക്കുന്ന കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്.
മറ്റ് ഘടകകക്ഷികളിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബ് പിറവത്തും കെഡിപി നേതാവ് മാണി സി. കാപ്പൻ പാലായിലും ജനവിധി തേടും. ബേപ്പൂരിൽ തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ വടകരയിൽ ആർഎംപിയും തിരുവനന്തപുരത്ത് സിഎംപിയും മുന്നണിയുടെ ഭാഗമാകും. നിലവിലുള്ള എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണമോ എന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വമായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
adsdsadsdfs



