ചരക്ക് നീക്കത്തിന് ഇളവ് വേണം; പോർട്ട് ഫീസ് ഒഴിവാക്കാൻ ബഹ്‌റൈൻ എംപിമാരുടെ ശുപാർശ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മേഖലയിലെ സംഘർഷാവസ്ഥയെത്തുടർന്ന് കപ്പൽ ചരക്ക് കൂലി വർദ്ധിച്ച സാഹചര്യത്തിൽ, ബഹ്‌റൈൻ തുറമുഖങ്ങൾ വഴി എത്തുന്ന ചരക്കുകളുടെ ഫീസ് താൽക്കാലികമായി ഒഴിവാക്കണമെന്ന് പാർലമെന്റ് അംഗങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രാദേശിക കമ്പനികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും വിപണിയിൽ വിലക്കയറ്റം തടയാനുമാണ് ഈ അടിയന്തര നീക്കം.
യുദ്ധഭീഷണിയെത്തുടർന്നുള്ള അധിക നിരക്കുകൾ (War-risk charges), കപ്പൽ പാതകൾ മാറിയത് മൂലമുള്ള അധിക ചെലവ് എന്നിവ ബഹ്‌റൈനിലെ കമ്പനികളെ വലിയ തോതിൽ ബാധിക്കുന്നുണ്ടെന്ന് എംപിമാരായ ഹസ്സൻ ഇബ്രാഹിം ഹസ്സൻ, ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ അബ്ദുൾനബി സൽമാൻ തുടങ്ങിയവർ ചൂണ്ടിക്കാട്ടി. ചരക്കുകൾ മറ്റ് തുറമുഖങ്ങൾ വഴി തിരിച്ചുവിടുന്നത് ട്രാൻസ്പോർട്ട് ബില്ലുകൾ വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.
ഷിപ്പിംഗ്, സ്റ്റോറേജ് ചെലവുകൾ വർദ്ധിക്കുന്നത് രാജ്യത്തെ ഉൽപ്പന്നങ്ങളുടെ വില കൂടാൻ ഇടയാക്കുമെന്ന് ജനപ്രതിനിധികൾ മുന്നറിയിപ്പ് നൽകി. ചരക്ക് നീക്കം തടസ്സമില്ലാതെ തുടരുന്നതിനും വിതരണ ശൃംഖലയെ സംരക്ഷിക്കുന്നതിനും നിശ്ചിത കാലയളവിലേക്ക് ഈ ഇളവുകൾ അനുവദിക്കണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുൻപ് ഇല്ലാതിരുന്ന പുതിയ നിരക്കുകൾ ഷിപ്പിംഗ് കമ്പനികൾ അടിച്ചേൽപ്പിക്കുകയാണെന്നും എംപിമാർ ചൂണ്ടിക്കാട്ടി.
adswdfsdefsw



