ഇൻഡോറിൽ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറി; ഏഴ് പേർക്ക് ദാരുണാന്ത്യം
ഷീബ വിജയൻ
മധ്യപ്രദേശിലെ ഇൻഡോറിൽ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തെത്തുടർന്ന് ഒരു കുടുംബത്തിലെ ഏഴ് പേർ വെന്തുമരിച്ചു. മരിച്ചവരിൽ പന്ത്രണ്ട് വയസ്സുകാരിയും ഉൾപ്പെടുന്നു. ഇൻഡോറിലെ ബ്രിജേശ്വരി അനക്സിന് സമീപമുള്ള മൂന്ന് നില കെട്ടിടത്തിൽ ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു ദാരുണമായ ഈ അപകടം നടന്നത്. ചാർജിംഗ് പോയിന്റിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് തീ അതിവേഗം കെട്ടിടത്തിനുള്ളിലേക്ക് പടരുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ ഇപ്പോൾ ചികിത്സയിലാണ്.
വീടിനുള്ളിൽ പത്തോളം എൽപിജി സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നത് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. തീ പടർന്നതോടെ ഇതിൽ ചില സിലിണ്ടറുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതാണ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയത്. കനത്ത പുകയും ആളിപ്പടരുന്ന തീയും കാരണം വീടിന്റെ മുൻഭാഗത്തുകൂടി അകത്തേക്ക് പ്രവേശിക്കാൻ കഴിയാതിരുന്നതിനെത്തുടർന്ന്, സമീപത്തെ കെട്ടിടം വഴിയാണ് രക്ഷാപ്രവർത്തകർ സാഹസികമായി ഉള്ളിലെത്തിയത്. കിടപ്പുമുറികളിൽ കുടുങ്ങിപ്പോയവർക്ക് പുറത്തുകടക്കാൻ കഴിയാത്തതാണ് മരണം വർദ്ധിക്കാൻ കാരണമായത്. അപകടത്തിനിടെ കാണാതായ ഒരു കുഞ്ഞിനായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം നടന്നുവരികയാണ്.
aasasdasdasd



