പ്രതിസന്ധിയിലായ വ്യാപാര സ്ഥാപനങ്ങൾക്ക് വൈദ്യുതി, ജല ബില്ലുകൾ ഒഴിവാക്കാൻ ശുപാർശ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മേഖലയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് പ്രതിസന്ധിയിലായ വ്യാപാര സ്ഥാപനങ്ങൾക്ക് കൈത്താങ്ങ് നൽകാനുള്ള നിർദേശവുമായി ബഹ്‌റൈൻ പാർലമെന്റ്. ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വൈദ്യുതി, ജലം, മുനിസിപ്പൽ ചാർജുകൾ എന്നിവ താൽക്കാലികമായി ഒഴിവാക്കാനുള്ള അടിയന്തര പ്രമേയം എംപിമാർ അംഗീകരിച്ചു.
സപ്ലൈ ചെയിൻ തടസ്സപ്പെട്ടതും പ്രവർത്തനച്ചെലവ് വർദ്ധിച്ചതും രാജ്യത്തെ കച്ചവടക്കാരെ വലിയ തോതിൽ ബാധിച്ചതായി പ്രമേയം അവതരിപ്പിച്ച മുഹമ്മദ് ജനാഹി, അഹമ്മദ് ഖരാത്ത എന്നിവരുൾപ്പെടെയുള്ള എംപിമാർ ചൂണ്ടിക്കാട്ടി. യുദ്ധസാഹചര്യത്തിൽ കമ്പനികൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഇത്തരം ബില്ലുകളിൽ ഇളവ് നൽകുന്നത് വ്യാപാരികളുടെ കയ്യിൽ പണം ലഭ്യമാക്കാനും വിപണിയിൽ ചരക്കുകളുടെ ഒഴുക്ക് നിലനിർത്താനും സഹായിക്കും.
ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കൾ വേഗത്തിൽ വിപണിയിലെത്തിക്കാൻ ഈ നീക്കം സഹായിക്കും. ഇറക്കുമതി സമയത്ത് ഏർപ്പെടുത്തുന്ന മുൻകൂർ സാമ്പത്തിക ബാധ്യതകൾ കുറയ്ക്കുന്നത് വഴി തന്ത്രപ്രധാനമായ ചരക്കുകൾ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാം. കസ്റ്റംസ് പോയിന്റുകളിൽ അടയ്ക്കേണ്ട നികുതികളും മറ്റും വൈകിപ്പിക്കുന്നത് വഴി ഉൽപ്പന്നങ്ങളുടെ വിൽപന വില വർദ്ധിക്കാതെ നോക്കാമെന്നും ഇത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഗുണകരമാകുമെന്നും എംപിമാർ വ്യക്തമാക്കി. 2018-ലെ വാറ്റ് (VAT) നിയമത്തിലെ പ്രത്യേക വ്യവസ്ഥകൾ മുൻനിർത്തിയാണ് ഈ നിർദ്ദേശം സമർപ്പിച്ചിരിക്കുന്നത്.
olikjujj



