22 സർക്കാരുകൾ കുറച്ചു; കേരളമടക്കം പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറച്ചില്ലെന്ന് കേന്ദ്രം

ന്യുഡൽഹി: ഇന്ധന നികുതി ഇളവിനെ ചൊല്ലിയുള്ള തർക്കത്തിനിടെ കേരളമടക്കം പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ വെട്ടിലാക്കി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണക്കുറിപ്പ്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമടക്കം 22 സർക്കാരുകൾ ഇന്ധന നികുതിയിൽ സ്വന്തം നിലയിൽ വാറ്റിൽ ഇളവ് നൽകാന്‍ തയ്യാറായെങ്കിലും 13 സംസ്ഥാനങ്ങൾ തയ്യാറായിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കുന്നു.
വാറ്റ് കുറയ്ക്കാൻ തയ്യാറാകാത്ത മേഘാലയ അടക്കം 14 സംസ്ഥാനങ്ങളുടെ പട്ടികയാണ് കേന്ദ്രം പുറത്തുവിട്ടതെങ്കിലും തൊട്ടുപിന്നാലെ വാറ്റ് കുറയ്ക്കുമെന്ന് മേഘാലയ മുഖ്യമന്ത്രി വ്യക്തമാക്കി. അവശേഷിക്കുന്ന 13 സംസ്ഥാനങ്ങളൽ മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കേരളം എന്നിവയാണ് വാറ്റ് കുറയ്ക്കാന്‍ തയ്യാറാകാത്ത പ്രധാന സംസ്ഥാനങ്ങൾ.
ഏറ്റവുമധികം വാറ്റ് കുറഞ്ഞിരിക്കുന്നത് കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കാണ്. ഇവിടെ പെട്രോൾ ലിറ്ററിന് 13.43 രൂപയും ഡീസൽ ലിറ്ററിന് 19.61 രൂപയും കുറഞ്ഞു.. രണ്ടാമത് കർണാടകയാണ്. ബംഗലൂരു നഗരത്തിൽ പെട്രോളിന് 13.35 രൂപയും ഡീസലിന് 19.49 രൂപയുമാണ് കുറവ് വന്നിരിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലാണ് നികുതി ഇളവിൽ മൂന്നാമത്. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ വാറ്റ് കുറയ്ക്കാൻ
തയ്യാറായിട്ടില്ലെങ്കിലും മൂന്ന് രൂപ കുറവ് വരുത്തുമെന്ന് ഒഡീഷ ഇന്നലെ രാത്രി വ്യക്തമാക്കിയിരുന്നു.
ദീപാവലിക്ക് തലേന്ന് പെട്രോൾ, ഡീസൽ വിലയിൽ നികുതി ഇളവ് നൽകിയ കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാരുകളും വാറ്റ് കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് നിർദേശിച്ചിരുന്നു.