കോട്ടയം മ്ലാക്കരയിൽ ഉരുൾപൊട്ടൽ; പത്ത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കോട്ടയം: ഇളങ്കാട് മ്ലാക്കരയിൽ ഉരുൾപൊട്ടലിൽ താത്ക്കാലിക പാലം തകർന്നു. ആളപായമില്ല. മേഖലയിൽ നിന്ന് പത്ത് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കൂട്ടിക്കൽ സന്ദർശനം ഒഴിവാക്കി.
എൻഡിആർഎഫിന്റെ രണ്ട് സംഘം പ്രദേശത്ത് ക്യാന്പ് ചെയ്യുന്നുണ്ട്. വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യവും നിലവിലില്ല. ഫയർഫോഴ്‌സ് സംഘവും മേഖലയിൽ എത്തിയിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നതിനാലാണ് കോട്ടയത്ത് എത്തിയ ഗവർണറുടെ കൂട്ടിക്കൽ സന്ദർശനം ഒഴിവാക്കിയത്.
ഇന്നലെ രാത്രി കനത്ത മഴ പെയ്തതിനെ തുടർന്നാണ് മ്ലാക്കരയിൽ ഉരുൾപൊട്ടിയത്. അതേസമയം സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. മലയോര മേഖലകളിൽ മഴ കനത്തേക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ഒഴികെയുള്ള പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.