കൊറോണ മുക്തരിൽ‍ ഭീതി പടർ‍ത്തി ബ്ലാക്ക് ഫംഗസ്; മഹാരാഷ്ട്രയിൽ‍ എട്ട് മരണം


മുംബൈ: മഹാരാഷ്ട്രയിൽ‍ കൊറോണ രോഗമുക്തരായവരിൽ‍ അപകടകരമായ മ്യൂക്കർ‍മൈക്കോസിസ് ഫംഗസ് ബാധ (ബ്ലാക്ക് ഫംഗസ്) കണ്ടെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർ‍ദ്ധിക്കുന്നതായി ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ. മരണത്തിന് വരെ കാരണമായേക്കാവുന്ന അവസ്ഥയാണിത്. നിലവിൽ‍ ഈ രോഗം ബാധിച്ച് രണ്ടായിരത്തോളം പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. എട്ട് പേർ‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. കൊറോണ രോഗമുക്തരാണിവർ‍. കാഴ്ചശക്തി നഷ്ടമാകുന്നതിന് ഈ ഫംഗസ് കാരണമാകുന്നുണ്ട്. 200ഓളം പേർ‍ക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. മ്യൂകോർ‍മൈകോസിസ് ബാധിച്ചവരെ പ്രത്യേക വാർ‍ഡകളിലാണ് ചികിത്സിക്കുന്നതെന്നും, ചികിത്സ പൂർ‍ണമായും സൗജന്യമായിരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ‍ ഈ ഫംഗസ് ബാധ റിപ്പോർ‍ട്ട് ചെയ്തിരുന്നു. ഇതിനെ നിസാരമായി അവഗണിച്ചാൽ‍ മരണത്തിന് വരെ കാരണമായേക്കാമെന്നാണ് ഇന്ത്യൻ കൗൺസിൽ‍ ഓഫ് മെഡിക്കൽ‍ റിസർ‍ച്ച് (ഐസിഎംആർ‍) മുന്നറിയിപ്പ് നൽ‍കുകയും ചെയ്തിരുന്നു. തലയോട്ടിക്കുള്ളിലെ അറകളെയോ ശ്വാസകോശത്തെയോ ഫംഗസ് പ്രതികൂലമായി ബാധിക്കാം. യൂഎസ് സെന്റർ‍ ഫോർ‍ ഡിസീസ് കൺട്രോൾ‍ ആൻഡ് പ്രിവൻഷന്റെ കണക്കുകൾ‍ പ്രകാരം ഈ ഫംഗസ് ബാധ ബാധിച്ചാൽ‍ 54 ശതമാനം വരെയാണ് മരണനിരക്ക്.

കണ്ണ്, മൂക്ക് എന്നിവക്ക് ചുറ്റും വേദനയും ചുവന്നിരിക്കുന്നതും ആണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന്. പനി, തലവേദന, ചുമ, ശ്വാസംമുട്ടൽ‍, രക്തം ഛർ‍ദ്ദിക്കൽ‍ തുടങ്ങിയവയും ഇതിന്റെ ഭാഗമായി വരാം. പ്രതിരോധ ശേഷി കുറഞ്ഞവർ‍, ദീർ‍ഘനാൾ‍ ഐസിയുവിൽ‍ കഴിഞ്ഞവർ‍, കഠിനമായ പ്രമേഹരോഗികൾ‍, അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർ‍ എന്നിവർ‍ക്കാണ് രോഗം വരാൻ സാധ്യത കൂടുതലുള്ളത്. രോഗലക്ഷണങ്ങൾ‍ കണ്ടാൽ‍ അവഗണിക്കരുതെന്നും എത്രയും വേഗം ഡോക്ടറുടെ സഹായം തേടണമെന്നും ഐസിഎംആർ‍ വ്യക്തമാക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed