മത്സരിക്കാൻ ഉറച്ച് ജി സുധാകരൻ
ഷീബ വിജയൻ
സിപിഎം അംഗത്വം പുതുക്കാതിരുന്നതിന് പിന്നാലെ, പാർട്ടി വിടുന്നതായി പ്രഖ്യാപിച്ച് മുതിർന്ന നേതാവ് ജി. സുധാകരൻ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പാർട്ടിയിൽ നിന്ന് താൻ ഒഴിഞ്ഞുമാറുകയാണെന്നും, ഇനി തന്നെക്കൊണ്ട് പാർട്ടിക്ക് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്നും സുധാകരൻ പറഞ്ഞു. പാർട്ടിക്കുള്ളിൽ നിന്ന് ചതിക്കുന്നതിന് പകരം പാർട്ടിയിൽ നിന്ന് മാറിനിൽക്കാനാണ് താൻ തീരുമാനിച്ചത്. ആരുടെയും പിന്തുണ താൻ തേടിയിട്ടില്ലെന്നും, നിലവിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയിലേക്കും പോകാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രചരിക്കുന്ന വാർത്തകൾ അദ്ദേഹം തള്ളി. പ്രതിപക്ഷ പാർട്ടികളുമായി താൻ യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ച എം.എ. ബേബി തന്നെ വീട്ടിലെത്തി സന്ദർശിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. താൻ പാർട്ടി വിട്ടാലും കമ്മ്യൂണിസ്റ്റ് ആശയങ്ങളും ആദർശങ്ങളും ഉപേക്ഷിച്ചിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. പാർട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആളാണ് താനെന്നും, പാർട്ടിയെ താൻ ആക്ഷേപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, തന്നെ വ്യക്തിപരമായി ആക്രമിക്കാൻ ആരെങ്കിലും മുതിർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അടിയന്തരാവസ്ഥക്കാലത്ത് നേരിട്ട ക്രൂരമർദനങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ച സുധാകരൻ, വർഗീയതയുമായി തനിക്ക് യോജിപ്പില്ലെന്നും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും കൂട്ടിച്ചേർത്തു.
ASXDSASWAD


