ശ്മശാനങ്ങൾ കേന്ദ്രീകരിച്ച് വസ്ത്രങ്ങൾ മോഷ്ടിച്ച് വിൽപ്പന നടത്തിയ ഏഴംഗ സംഘം പിടിയിൽ


ലഖ്നൗ: ശ്മശാനങ്ങൾ കേന്ദ്രീകരിച്ച് വസ്ത്രങ്ങൾ മോഷ്ടിച്ചിരുന്ന ഏഴംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഭാഗ്പതിലാണ് സംഭവം. മൃതശരീരം മൂടാനുപയോഗിക്കുന്ന തുണി, മൃതശരീരത്തെ ധരിപ്പിക്കുന്ന വസ്ത്രങ്ങൾ, മറ്റു വസ്തുക്കൾ എന്നിവയാണ് ഈ സംഘം പ്രധാനമായും കൈക്കലാക്കിയിരുന്നതെന്ന് പോലീസ് ഞായറാഴ്ച വ്യക്തമാക്കി. പുതപ്പുകൾ, സാരികൾ, മറ്റു വസ്ത്രങ്ങൾ എന്നിവയാണ് പ്രധാന മോഷണവസ്തുക്കളെന്ന് ചോദ്യം ചെയ്യലിൽപ്രതികൾ പറഞ്ഞു. സംഘത്തിന്റെ പക്കൽ നിന്ന് 520 പുതപ്പുകൾ, 127 കുർത്തകൾ, 52 സാരികൾ, മറ്റു വസ്ത്രങ്ങൾ എന്നിവ കണ്ടെടുത്തതായി സർക്കിൾ ഓഫീസറായ അലോക് സിങ് അറിയിച്ചു. നന്നായി അലക്കിയെടുത്ത ശേഷം ഇസ്തിരിയിട്ട് ഗ്വാളിയറിലെ ഒരു കന്പനിയുടെ ലേബലിൽ വിൽപനക്കെത്തിക്കുകയാണ് സംഘം ചെയ്തിരുന്നത്. പ്രദേശത്തിലെ ചില വസ്ത്രവ്യാപാരികൾക്ക് സംഘവുമായി വിൽപനകരാറുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വസ്ത്രങ്ങൾ എത്തിച്ചു നൽകാൻ സംഘത്തിലെ അംഗങ്ങൾക്ക് ദിവസേന മുന്നൂറ് രൂപ വീതം വ്യാപാരികൾ നൽകിയിരുന്നതായി പോലീസ് അറിയിച്ചു.

അറസ്റ്റ് ചെയ്തവരിൽ മൂന്ന് പേർ ഒരേ കുടുംബത്തിലുള്ളവരാണ്. കഴിഞ്ഞ പത്ത് വർഷമായി ഇവർ ഈ തൊഴിൽ നടത്തി വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടർന്ന് ശ്മശാനങ്ങളിലെത്തുന്ന മൃതശരീരങ്ങളുടെ എണ്ണം വർദ്ധിച്ചത് ഇവർക്ക് കൂടുതൽ ലാഭകരമായി. മോഷണക്കുറ്റം കൂടാതെ പകർച്ചവ്യാധി നിയമപ്രകാരവും ഇവർക്കെതിരെ കുറ്റം ചുമത്തുമെന്ന് പോലീസ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed