ഇന്ത്യയിൽ കോവിഡ് വാക്സിൻ പരീക്ഷണം പുനരാരംഭിക്കുന്നു
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വാക്സിൻ പരീക്ഷണം പുനരാരംഭിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ അനുമതി. അസ്ട്രസെനേക്കയും ഓക്സ്ഫഡ് സർവകലാശാലയും സംയുക്തമായി വികസിപ്പിച്ച കോവിഡ്-19 വാക്സിന്‍റെ പരീക്ഷണം ആരംഭിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.
യുകെയിൽ വാക്സിൻ സ്വീകരിച്ചയാൾക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെ തുടർന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടും പരീക്ഷണം നിർത്തിവച്ചത്. അജ്ഞാതരോഗത്തെ തുടർന്നു നിർത്തിവച്ച കോവിഡ് വാക്സിൻ പരീക്ഷണം കഴിഞ്ഞ ദിവസം യുകെ പുനരാരംഭിച്ചിരുന്നു. ഇതിനു പിന്നാലെ പരീക്ഷണം പുനരാരംഭിക്കാൻ തയാറാണെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഡിസിജിഐയെ അറിയിച്ചിരുന്നു. ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രസെനേക്കയും ചേർന്നു വികസിപ്പിച്ച കോവിഡ് വാക്സിന്‍റെ പരീക്ഷണമാണ് യുകെയിലും പുരോഗമിക്കുന്നത്. മെഡിസിൻസ് ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എംഎച്ച്‌ആർഎ) ഇത് സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് പരീക്ഷണം യുകെയിൽ പുനരാരംഭിച്ചതെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാല പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
